Home Featured ഇനി പാസില്ലാതെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; പാസെടുക്കാൻ അപേക്ഷിക്കുന്നതെങ്ങനെ?

ഇനി പാസില്ലാതെ ഊട്ടിയിലും കൊടൈക്കനാലിലും പോകാനാവില്ല; പാസെടുക്കാൻ അപേക്ഷിക്കുന്നതെങ്ങനെ?

by admin

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും പോകുന്ന വിനോദസഞ്ചാരികള്‍ ഇനി പാസ് എടുക്കണം. ഇ പാസിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം എർപ്പെടുത്തി. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. മെയ് 7 മുതല്‍ ജൂണ്‍ 30 വരെയാണ് വാഹന നിയന്ത്രണം.

പാസ് വേണ്ടവർക്ക് https://tnega.tn.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. പേരും വിലാസവും, പോകുന്ന വാഹനത്തിന്‍റെ വിശദാംശങ്ങള്‍, സന്ദർശിക്കുന്ന തിയ്യതി, എത്ര ദിവസം തങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ രേഖകളില്‍ ഏതെങ്കിലും ഒന്നിന്‍റെ കോപ്പിയും നല്‍കണം.

ഊട്ടിയിലേക്കും കൊടൈക്കനലാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാല്‍ നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു. നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കലക്ടർമാരോടാണ് ആവശ്യപ്പെട്ടത്. ജൂണ്‍ 30 വരെ പാസുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അതേസമയം ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കാമെന്ന് കോടതി നിർദേശിച്ചിട്ടില്ല.

ഇ പാസ് വിതരണത്തിന് ജില്ലാ ഭരണകൂടം ഇ-ഗവേണൻസ് ഏജൻസിയുമായി (ടിഎൻഇജിഎ) സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നീലഗിരി ജില്ലാ കളക്ടർ എം അരുണ പറഞ്ഞു. ഇതിനായി ഒരു സോഫ്റ്റ്‍വെയർ വികസിപ്പിച്ചു. ക്യുആർ കോഡുള്ള പാസാണ് നല്‍കുക. ചെക്ക്‌പോസ്റ്റില്‍ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താണ് പ്രവേശിപ്പിക്കുകയെന്നും കളക്ടർ പറഞ്ഞു. നീലഗിരി ജില്ലാ രജിസ്ട്രേഷൻ നമ്ബർ TN 43 ഉള്ള വാഹനങ്ങള്‍ക്ക് ഇ പാസ് ആവശ്യമില്ല.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു വാഹന നിയന്ത്രണം സംബന്ധിച്ച്‌ കോടതി നിര്‍ദേശം. നീലഗിരിയിലേക്കുള്ള റോഡുകളില്‍ പ്രതിദിനം ശരാശരി 2,000 വാഹനങ്ങളാണ് ഓടുന്നത്. എന്നാല്‍ ടൂറിസ്റ്റ് സീസണുകളില്‍ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 വരെ ആയി വർദ്ധിക്കുന്നു. നീലഗിരി ജില്ലയില്‍ ഏകദേശം 1,035 താമസ സൗകര്യങ്ങള്‍ ലഭ്യമാണ്. ഒരേസമയം 20,000 പേർക്ക് താമസിക്കാവുന്ന 5,620 മുറികളുണ്ട്.

അഭിഭാഷകരായ ചെവനൻ മോഹനും രാഹുല്‍ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്ബോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച്‌ കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മലയിടിച്ച്‌ ചുരം റോഡ് വീതി കൂട്ടുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്ന പരാതിയും കോടതിയുടെ മുന്നിലെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group