ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും.ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഊട്ടി, കൊടക്കനാല്‍ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങള്‍ക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങള്‍ക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാൻ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളില്‍ 6,000 വാഹനങ്ങള്‍ അനുവദിക്കും.
ഹില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കാൻ ഇ-പാസുകള്‍ നല്‍കുമ്ബോള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് കോടതി നിർദ്ദേശിച്ചു. നീലഗിരിയില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിന് പിന്നാലെയാണ് 2024 ഏപ്രില്‍ 29ന് ഹില്‍ സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് വാഹനങ്ങള്‍ക്ക് ഇ-പാസുകള്‍ നിർബന്ധമാക്കി കോടതി ഉത്തരവിട്ടത്.
വേനല്‍ക്കാലത്തെ തിരക്ക് മുന്നില്‍ കണ്ട് ഊട്ടിയിലേയ്ക്കും കൊടൈക്കനാലിലേയ്ക്കുമുള്ള വാഹനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കാർഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലെയുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.