ഡ്യൂട്ടി സമയം കഴിയാറായതിനെ തുടർന്ന് അടുത്ത ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യാൻ പൈലറ്റ് വിസമ്മതിച്ചു. ഇതിന് പിന്നാലെ മൂന്ന് മണിക്കൂറോളം കാത്ത് നിന്ന യാത്രക്കാർ ഒടുവില്‍ ക്ഷമ നശിച്ച് വിമാനത്തിന്‍റെ വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു.സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മുംബൈയില്‍ നിന്ന് തായ്‌ലൻഡിലെ ക്രാബിയിലേക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഈ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൈലറ്റിന്‍റെ പിടിവാശിയെ തുടർന്ന് മൂന്ന് മണിക്കൂറോളം വിമാനത്തിലിരുന്ന യാത്രക്കാർ തങ്ങളുടെ ആശങ്ക പരിഹരിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്നും ആരോപിച്ചു.വിമാനത്തിനുള്ളില്‍ നടന്ന അസാധാരണ സംഭവങ്ങളുടെ വീഡിയോ പകർത്തിയ തരുണ്‍ ശുക്ല എന്ന എഴുത്തുകാരൻ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയത്, പൈലറ്റ് തന്‍റെ ഡ്യൂട്ടി സമയം അവസാനിക്കാറായതിനാലാണ് വിമാനം വൈകിയതെന്നായിരുന്നു. പൈലറ്റ് തന്‍റെ അസൗകര്യം നേരത്തെ തന്നെ വിമാനക്കമ്പനി അധികൃതരെ അറിയിച്ചിരുന്നെന്നും എന്നാല്‍, അതിനകം തന്നെ വിമാനത്തില്‍ യാത്രക്കാർ കയറിയിരുന്നെന്നും അദ്ദേഹം വീഡിയോയോടൊപ്പം കുറിച്ചു. ഏതാണ്ട് മൂന്ന് മണിക്കൂറിന് മുകളില്‍ വിമാനത്തില്‍ ഇരിക്കേണ്ടിവന്ന യാത്രക്കാർ ഒടുവില്‍ അസ്വസ്ഥരാവുകയും ക്യാബിൻ ക്രൂ അംഗങ്ങളുമായി തർക്കമുണ്ടാവുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ക്ലിപ്പില്‍ യാത്രക്കാർ സീറ്റില്‍ നിന്നും എഴുന്നേറ്റ് നില്‍ക്കുന്നതും. അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. അതോടൊപ്പം ചിലർ വിമാനത്തിന്‍റെ വാതില്‍ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുന്ന വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളും ഇതോടൊപ്പം കാണാം. അയാള്‍ എന്തിനാണ് എലിയെ പോലെ ഒളിച്ചിരിക്കുന്നതെന്ന് ആളുകള്‍ പൈലറ്റിനെ അധിക്ഷേപിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വിമാനത്തിലെ മൊത്തം യാത്രക്കാരോടും സംസാരിക്കാനായി ഒരു ക്യാബിൻ ക്രൂ മാത്രമേ ഈ സമയം അവിടെയുണ്ടായിരുന്നൊള്ളൂ.വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൈലറ്റ് വിജയ് ഹിരേമത്തിനെതിരെ നടന്ന യാത്രക്കാരുടെ പെരുമാറ്റത്തെ സമുൂഹ മാധ്യമ ഉപയോക്താക്കള്‍ വിമർശിച്ചു. വ്യോമയാനം ഒരു ബസ് സ്റ്റാന്‍റല്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. വിമാന ടിക്കറ്റ് എടുത്തുവെന്നത് മറ്റുള്ളവർക്ക് ശല്യമാകാനുള്ള ലൈസന്‍സ് അല്ലെന്നും ഇത്തരം പെരുമാറ്റങ്ങളോട് സഹിഷ്ണുത ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് ചിലർ പ്രശ്നക്കാരായ യാത്രക്കാരെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു.
യാത്രക്കാർ എന്തിനാണ് ഇത്രയും മോശം ഭാഷ സംസാരിക്കുന്നതെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. അതേസമയം പൈലറ്റ് അസൗകര്യം പറഞ്ഞിട്ടും മറ്റൊരു പൈലറ്റിനെ തല്‍സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ തയ്യാറാകാത്തതിനും യാത്രക്കാരുടെ ആശങ്ക പരിഹരിക്കാത്തതിനും മറ്റ് ചിലർ വിമാനക്കമ്പനിയെ കുറ്റപ്പെടുത്തി. അതേസമയം സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ഇന്‍ഡിഗോ ഇതുവരെ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.