Home കർണാടക തുരന്തോ എക്‌സ്പ്രസ് വരുന്നു; ബെംഗളൂരുവില്‍നിന്ന് ഈ നഗരത്തിലേക്ക് 18 മണിക്കൂര്‍ യാത്ര: ടിക്കറ്റില്‍ ഭക്ഷണവും

തുരന്തോ എക്‌സ്പ്രസ് വരുന്നു; ബെംഗളൂരുവില്‍നിന്ന് ഈ നഗരത്തിലേക്ക് 18 മണിക്കൂര്‍ യാത്ര: ടിക്കറ്റില്‍ ഭക്ഷണവും

by admin

ബെംഗളൂരു: ഐടി നഗരത്തില്‍ നിന്ന് സാമ്പത്തിക തലസ്ഥാനത്തേക്കു കുറഞ്ഞ ചിലവില്‍ അതിവേഗ യാത്ര. യാത്രക്കാര്‍ക്ക് സന്തോഷം പകരുന്ന ഈ യാത്രയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ഇന്തന്‍ റെയില്‍വേയാണ്.ഐടി നഗരമായ ബെംഗളൂരുവിനെയും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ‘തുരന്തോ എക്‌സ്പ്രസ്’ വരുന്നു. 18 മണിക്കൂര്‍ കൊണ്ട് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.1,209 കിലോമീറ്റര്‍ ദൂരം വരുന്ന രണ്ട് വലിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ സര്‍വീസ് ഐടി ജീവനക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ സഹായമാകും. വിമാനയാത്രയ്ക്ക് ബദലായി കുറഞ്ഞ ചിലവില്‍ വേഗത്തില്‍ മുംബൈയില്‍ എത്താന്‍ പുതിയ ട്രെയിന്‍ സര്‍വീസ് സഹായിക്കും.നിലവില്‍ 23 മണിക്കൂറിലധികം നീളുന്ന ട്രെയിന്‍ യാത്ര വെറും 18 മണിക്കൂറായി കുറയ്ക്കുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈ സിഎസ്‌എംടി വരെ നീളുന്ന സര്‍വീസാണ് റെയില്‍വേയുടെ പരിഗണനയിലുള്ളത്.

ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ഉദ്യാന്‍ എക്‌സ്പ്രസ് ഏകദേശം 24 മണിക്കൂറോളം സമയമെടുത്താണ് ഈ ദൂരം പിന്നിടുന്നത്. ഇത് യാത്രക്കാര്‍ക്കും സമയനഷ്ടം വരുത്തുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ തുരന്തോ എക്‌സ്പ്രസ് എത്തിയാല്‍ യാത്രക്കാര്‍ക്ക് ആറു മണിക്കൂറോളം ലാഭിക്കാനാകും.പുതിയ സര്‍വീസില്‍ സ്റ്റോപ്പുകള്‍ കുറവായിരിക്കും. തുമകുരു, ദാവന്‍ഗരെ, ഹുബ്ബള്ളി, ബെലഗാവി, മിറാജ്, പൂനെ തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ മാത്രമായിരിക്കും സ്റ്റോപ്പുകള്‍. വൈകുന്നേരം 4:30-ന് കെഎസ്‌ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30-ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9:30-ന് ബെംഗളൂരു സ്‌റ്റേഷനില്‍ എത്തും. പ്രീമിയം ട്രെയിനായതിനാല്‍ ഭക്ഷണവും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും. എസി 3 ടയര്‍ നിരക്ക് ഏകദേശം 2500 രൂപയോളം വരുമെന്നാണ് സൂചന.വരാന്‍ പോകുന്ന ട്രെയിന്‍ സര്‍വീസ് ഐടി-ബിസിനസ് മേഖലയ്ക്ക് ഗുണകരമാകും. നേരത്തെ പ്രഖ്യാപിച്ച മറ്റൊരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 24 മണിക്കൂര്‍ സമയമെടുക്കുന്നതിനെതിരെ യാത്രക്കാരില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായ വേഗമേറിയ ട്രെയിന്‍ സര്‍വീസ് റെയില്‍വേ ഗൗരവമായി പരിഗണിക്കുന്നത്. ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ബെംഗളൂരു ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശുതോഷ് കുമാര്‍ സിംഗ് വ്യക്തമാക്കുന്നത്.ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിലുള്ള പുതിയ ദുരന്തോ എക്‌സ്പ്രസ് സര്‍വീസിനായി റെയില്‍വേ ബോര്‍ഡ് രണ്ട് അത്യാധുനിക എല്‍എച്ച്‌ബി റേക്കുകളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മികച്ച സുരക്ഷയും യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവവും നല്‍കുന്നവയാണ് ഈ റേക്കുകള്‍. രണ്ട് റേക്കുകള്‍ ഉള്ളതിനാല്‍ ഒരു ട്രെയിന്‍ മുംബൈയിലേക്ക് പോകുമ്പോള്‍ മറ്റൊന്ന് തിരികെ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തും. ഈ ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണികള്‍ കെഎസ്‌ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ തന്നെ നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group