ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്സൽ മാർഗത്തിൽ വിലകൂടിയ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ സംഭവത്തിൽ മലയാളികളായ രണ്ടുപേർ ബെംഗളൂരു പോലീസിന്റെ പിടിയിലായി.
മലപ്പുറം സ്വദേശി നിസാർ മുഹമ്മദ് (37), കണ്ണൂർ സ്വദേശി എം. റഷീദ് (46) എന്നിവരാണ് അറസ്റ്റിലായത്.
വിദേശത്തുനിന്നുള്ള പാഴ്സലുകൾ കൈകാര്യംചെയ്യുന്ന ചാമരാജ്പേട്ടുള്ള ഫോറിൻ പോസ്റ്റ് ഓഫീസിൽ ജർമനിയിൽനിന്നും തായ്ലാൻഡിൽനിന്നും എത്തിയ പാഴ്സലുകളിലായിരുന്നു 3.81 കോടി വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുണ്ടായിരുന്നത്.j
വ്യാജപ്പേരിലും മേൽവിലാസത്തിലുമായിരുന്നു പാഴ്സൽ എത്തിയിരുന്നത്. എന്നാൽ, അതിൽ നൽകിയിരുന്ന ഫോൺനമ്പറുകൾ യഥാർഥമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നിസാറിനെയും റഷീദിനെയും പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാഴ്സലുകൾ പരിശോധിക്കുകയും ഇവയ്ക്കുള്ളിൽ വിലയേറിയ കഞ്ചാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്.
ആകെ മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവായിരുന്നു ഉണ്ടായിരുന്നത്.
പാഴ്സൽ വാങ്ങാൻ എത്തിയപ്പോൾ ബെംഗളൂരുവിലാണ് റഷീദ് പിടിയിലായത്. നിസാർ മുഹമ്മദിനെ കേരളത്തിൽ എത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഇവർക്കുപിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് സംശയം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.