ഇരിട്ടി : മാരക ലഹരി മരുന്നായ ആറ് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.ബംഗളൂരുവില്‍ നിന്ന് ബൈക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്നാണ് കൂട്ടുപുഴയില്‍ വെച്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ആല്‍വിൻ (19) എന്നയാളെയാണ് ഇരിട്ടി എസ്.ഐ. കെ. ഷറഫുദീനും സംഘവും റൂറല്‍ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.ബൈക്ക് ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കടത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ പരിശോധന ശക്തമാക്കിയത്.
യുവാവിൻ്റെ കൈവശമുണ്ടായിരുന്ന മാരക ലഹരി മരുന്ന് എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.അതേസമയം, മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയുടെ ശൃംഖലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് ആല്‍വിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. തുടർനടപടികള്‍ക്കായി യുവാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.പോലീസ് സംഘത്തില്‍ ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ നിഷാദ്, ജിജിമോൻ, ഷൗക്കത്ത്, അനൂപ് എന്നിവരും സീനിയർ സിവില്‍ പോലീസ് ഷിഹാബുദീൻ, സിവില്‍ പോലീസ് ഓഫീസർ നിസാമുദ്ധീൻ എന്നിവരും പങ്കെടുത്തു.