Home Featured ഡ്രൈവർരഹിത മെട്രോ സർവിസ്;വൈദ്യുതി വിതരണത്തിന് അനുമതി

ഡ്രൈവർരഹിത മെട്രോ സർവിസ്;വൈദ്യുതി വിതരണത്തിന് അനുമതി

by admin

ബംഗളൂരു: ഡ്രൈവർരഹിത മെട്രോ സർവിസ് നടത്തുന്ന ആർ.വി റോഡ്-ബൊമ്മസാന്ദ്ര മെട്രോപാതയില്‍ (യെല്ലോ ലൈൻ) വൈദ്യുതി വിതരണത്തിന് റെയില്‍വേ ബോർഡ് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എല്‍) അനുമതി നല്‍കി. വാണിജ്യാടിസ്ഥാനത്തില്‍ സർവിസ് ആരംഭിക്കാൻ ഇനി റെയില്‍വേ ബോർഡില്‍നിന്ന് രണ്ട് അനുമതികൂടി ലഭിക്കേണ്ടതുണ്ടെന്ന് ബി.എം.ആർ.സി.എല്‍ അധികൃതർ പറഞ്ഞു.

ഈവർഷം ഡിസംബറോടെ മഞ്ഞപ്പാതയില്‍ മെട്രോ സർവിസ് തുടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആർ.വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന 18.82 കിലോമീറ്റർ ദൂരമാണ് യെല്ലോ ലൈനില്‍ വരുന്നത്. ആർ.വി റോഡ്, റാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റല്‍, ബി.ടി.എം ലേഔട്ട്, സില്‍ക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹൊങ്കസാന്ദ്ര, കുഡ്‌ലു ഗേറ്റ്, സിങ്ങസാന്ദ്ര, ഹൊസ റോഡ്, ബെരട്ടേന അഗ്രഹാര, ഇലക്‌ട്രോണിക്‌ സിറ്റി, കൊന്നപ്പന അഗ്രഹാര, ഹസ്‌കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാകും സ്റ്റേഷനുകള്‍.

ഇതില്‍ ജയദേവ ഹോസ്പിറ്റല്‍ സ്റ്റേഷൻ പിങ്ക് ലൈനുമായുള്ള ഇന്റർചേഞ്ച് സ്റ്റേഷനായിരിക്കും. ഡ്രൈവർരഹിത മെട്രോയാണ് യെല്ലോ ലൈനിലുണ്ടാവുക. പാതയില്‍ പരീക്ഷണയോട്ടം കഴിഞ്ഞമാസം ആരംഭിച്ചിരുന്നു. ട്രാക്‌ഷൻ ബ്രേക്ക്, മണല്‍ച്ചാക്കുവെച്ചുള്ള പരീക്ഷണം, സിഗ്നലിങ് തുടങ്ങിയ പരീക്ഷണങ്ങള്‍ റിസർച്ച്‌ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നടത്തിവരുകയാണ്. പരീക്ഷണങ്ങള്‍ക്കുശേഷം റെയില്‍ സുരക്ഷാ കമീഷണർ പരിശോധന നടത്തിയശേഷം മെട്രോ സർവിസിന് അനുമതി നല്‍കും. ചൈനയില്‍നിന്നാണ് ഡ്രൈവർരഹിത മെട്രോ എത്തിച്ചിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group