ബെംഗളൂരു : കാർവാർ നാവികസേനാ താവളത്തിൽ അന്തർവാഹിനിയിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപദി മുർമു. ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി നിർമിച്ച കൽവരി ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറിലാണ് രാഷ്ട്രപതി കടലിനടിയിലൂടെ കുതിപ്പു നടത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് രാഷ്ട്രപതി നാവികസേനാ താവളത്തിലെത്തിയത്.
കൽവരി അന്തർവാഹിനിയിലേറിയുള്ള ദ്രൗപദി മുർമുവിന്റെ കന്നിയാത്രയായിരുന്നു ഇത്. ഇത്തരം അന്തർവാഹിനിയിൽ യാത്രചെയ്യുന്ന രണ്ടാമത്തെ രാഷ്ട്രപതിയായി ഇതോടെ ദ്രൗപദി മുർമു. മുൻരാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമാണ് ആദ്യയാത്രികൻ. അന്തർവാഹിനിയിലെ നാവികരുമായി രാഷ്ട്രപതി ആശയവിനിമയംനടത്തി. ആറാമത്തെ കൽവരി ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീർ ഈ വർഷം ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കമ്മിഷൻ ചെയ്തത്.