എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദർശനം പൂർത്തിയാക്കി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി.നിഗംബോധ് ഘട്ടിലെ സംസ്കാരസ്ഥലം വരെയാണ് വിലാപയാത്ര. രാവിലെ 11.45ഓടെ അദ്ദേഹത്തിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.
എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാർ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു. സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു.
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്ബത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്‍മോഹന്‍ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.