ബംഗളുരുവില്‍ മലയാളിയായ ടെക് കമ്ബനി സിഇഒയെയും എംഡിയെയും വെട്ടിക്കൊലപ്പെടുത്തിയ പകയും വൈരാഗ്യവും മൂത്തെന്ന് പൊലീസ്. സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം താരം ജോക്കര്‍ ഫെലിക്സും കൂട്ടാളികളും അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്ത ജിനെറ്റ് എന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്ബനി ഉടമ അരുണ്‍ കുമാര്‍ ആസാദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ ദ്രോഹിച്ചവരെ താനും തിരികെ ദ്രോഹിച്ചെന്നാണ് കൊലപാതകവാര്‍ത്ത പങ്ക് വച്ച് ഇന്‍സ്റ്റാഗ്രാമില്‍ ജോക്കര്‍ ഫെലിക്സ് സ്റ്റാറ്റസ് ഇട്ടിരുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ,
ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും പെയ്ഡ് കണ്ടന്റ് അടക്കം ചെയ്ത് കൊടുക്കുന്ന വ്ളോഗര്‍ ആയാണ് ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ് സ്വയം സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിച്ചിരുന്നത്. കോട്ടയം പനച്ചിക്കാട് സ്വദേശി വിനുകുമാര്‍ സിഇഒയും ബെംഗളുരു സ്വദേശി ഫണീന്ദ്ര സുബ്രഹ്മണ്യ എംഡിയുമായ എയര്‍ ഓണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്ബനിയില്‍ മുന്‍പ് ഫെലിക്സ് ജോലി ചെയ്തിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് മുമ്ബ് ഇവിടെ നിന്ന് ഫെലിക്സിനെ പിരിച്ചുവിട്ടു. പിന്നീട് തൊട്ടടുത്ത് തന്നെ ജി നെറ്റ് എന്ന പേരിലുള്ള മറ്റൊരു ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ കമ്ബനിയില്‍ ഫെലിക്സ് ജോലിക്ക് കയറി. ജിനെറ്റും എയ്റോണിക്സും തമ്മില്‍ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ഹെബ്ബാള്‍ മേഖലയില്‍ കടുത്ത കിടമത്സരം നിലനിന്നിരുന്നു. ജിനെറ്റിന് ലഭിക്കേണ്ടിയിരുന്ന രണ്ട് പ്രധാനപ്പെട്ട ബിസിനസ് ഡീലുകള്‍ എയ്റോണിക്സ് നേടിയെടുത്തതിന്റെ പകയില്‍ ഉടമ അരുണ്‍ കുമാര്‍ ആസാദ് ഫെലിക്സിനും കൂട്ടാളികള്‍ക്കും ഫണീന്ദ്രയ്ക്കെതിരെ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വാളും കത്തിയുമായി ഹെബ്ബാളിലെ പമ്ബ എക്സ്റ്റന്ഷനിലുള്ള എയ്റോണിക്സ് ഓഫീസിലെത്തി ഫെലിക്സും കൂട്ടാളികളായ സന്തോഷും വിനയ് റെഡ്ഡിയും ആക്രമണം നടത്തിയത്. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഫെലിക്സിനെ രാവിലെ പത്ത് മണിയോടെയാണ് പൊലീസ് കമ്മനഹള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെല്ലാവരും മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ അര്‍ദ്ധരാത്രിയോടെ രക്ഷപ്പെടാന്‍ ശ്രമിച്ച അരുണ്‍ കുമാര്‍ ആസാദിനെ ബെംഗളുരു വിമാനത്താവളത്തില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ ഞെട്ടലിലാണ് സ്ഥലത്തെ മലയാളികളും. മരിച്ച വിനുകുമാറിന്റെയും ഫണീന്ദ്രയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി.
സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിച്ചു
സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സംഭവത്തില്‍ ഗോതാനി ഗ്രാമത്തിലുള്ള ജഗ്നായക് സിംഗ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്.
യുവതി ശുചിമുറിയില്‍ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാന്‍ താമസിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചുവെന്ന് സമ്മതിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍, യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു.
ബുധനാഴ്ച്ച രാവിലെ അഞ്ച് മണിയോടെയാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിംഗിനെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും ഡോക്ടര്‍ വരുന്നതു വരെ കാത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ജഗ്നായക് പറയുന്നു.
തുടര്‍ന്ന്, ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞിനെ ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്തപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. പ്രസവത്തിനു പിന്നാലെ യുവതിയുടെ നിലയും ഗുരുതരമായി തുടുരകയാണ്. യുവതി ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്.