യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ ഡൊമിനിക്കിന്റെ മൊഴി പുറത്ത്. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് പ്രതി വെളിപ്പെടുത്തിയത്. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചതെന്നും നാല് കവറുകളിലായി കസേരയുടെ അടിഭാഗത്താണ് ബോംബ് സ്ഥാപിച്ചതെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി.
ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദഗ്ധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കളമശ്ശേരി സ്‌ഫോടനം: 4 പേരുടെ നില അതീവഗുരുതരം; പരിക്കേറ്റവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
കൊച്ചി: കേരളത്തെ ഞെട്ടിച്ച കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും. വിവിധ ആശുപത്രികളിലായി 17 പേര്‍ ചികിത്സയിലാണ്. 4 പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ 2 പേര്‍ വെന്റിലേറ്ററിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന് 60 ശതമാനവും അമ്മക്ക് 50 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് കൊല്ലപ്പെട്ട സ്ത്രീയുടെ ഡിഎന്‍എ പരിശോധന നടത്തും. മൂന്ന് മൃതദേഹങ്ങളുടേയും പോസ്റ്റ്‌മോര്‍ട്ടം ഒരേസമയം നടക്കും. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്.
അതേസമയം, കളമശ്ശേരി സ്‌ഫോടന കേസില്‍ കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയിലെ തമ്മനത്തെ വീട്ടില്‍ വച്ച് തന്നെയാണ് സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്ന് പോലീസ് പറയുന്നു. വീട്ടില്‍ രണ്ട് മുറിയാണ് ഉള്ളത്. ഒരു മുറിയില്‍ ഡൊമിനിക് മാര്‍ട്ടിന്‍ ഒറ്റയ്ക്കാണ് കിടക്കുന്നത്. ആ മുറിയില്‍ വച്ചാണ് ബോംബ് നിര്‍മിച്ചതെന്നാണ് നിഗമനം. ഡൊമിനികിന്റെ ഭാര്യയും മകളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്.
ഫോര്‍മാനായ ഡൊമിനിക് മാര്‍ട്ടിന് സാങ്കേതിക അറിവുണ്ട്. സ്‌ഫോടനം നടത്തിയതിന്റെ തലേന്ന് ഡൊമിനിക് ബോംബ് നിര്‍മിച്ചു എന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ യൂട്യൂബ് നോക്കിയാണ് താന്‍ പഠിച്ചതെന്ന് ഡൊമിനിക് പോലീസിനോട് പറഞ്ഞു. ഡൊമിനികിന്റെ യുട്യൂബ് ലോഗ് ഇന്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
ഇയാള്‍ക്ക് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നേക്കും.