രാജ്യത്തെയൊട്ടാകെ ഞെട്ടിച്ച സംഭവം ആന്ധ്രാപ്രദേശിലുണ്ടായത്. ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്നു സ്വകാര്യ വോള്‍വോ ബസ് ഒരു അപകടത്തെ തുടർന്ന് പൂർണമായും കത്തിനശിക്കുകയായിരുന്നു.

അപകടത്തില്‍ 20ലധികം പേരാണ് രക്ഷപ്പെടാൻ വേറൊരു വഴിയുമില്ലാതെ വെന്തുമരിച്ചത്. ബൈക്കിടിച്ചതോടെ വോള്‍വോ ബസിന്റെ എഞ്ചിനില്‍ നിന്ന് തീപടർന്നെന്നും നിമിഷനേരം കൊണ്ട് വാഹനത്തില്‍ മുഴുവനായി തീ പടരുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്തത്. 21 യാത്രക്കാർ ബസിന്റെ എമർജൻസി ജനാലകളിലൂടെ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. ഇവരെ കുർണൂലിലെ താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യഥാർത്ഥത്തില്‍ സംഭവിച്ചത്പുലർച്ചെ മൂന്നരയോടെ അമിതവേഗതയിലെത്തിയ ബൈക്ക് ബസിലെ ഇന്ധന ടാങ്കിലേക്ക് (ഫ്യൂവല്‍ ടാങ്ക്) ഇടിച്ചുകയറുകയായിരുന്നു. ഇതാണ് പെട്ടെന്നുളള സ്ഫോടനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയം ഷോർട്ട് സർക്യൂട്ട് കാരണം ബസിലെ വാതിലുകള്‍ തുറക്കാനാകാത്ത അടഞ്ഞു പോകുകയായിരുന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ വേറെ വഴിയില്ലാതെ വന്നു. ചിലർ ഗ്ലാസ് വിൻഡോകള്‍ തകർത്ത് പുറത്തുകടക്കുകയായിരുന്നു. മിനിട്ടുകള്‍ക്കുളളില്‍ വോള്‍വോ ബസ് പൂർണമായി കത്തിനശിച്ചു.യാത്രക്കാർ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു അപകടമുണ്ടായത്. ഇത് മരണനിരക്ക് ഉയരാൻ കാരണമായി. ഈ സമയത്ത് ഉണർന്നിരുന്നവരിലേറെയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരിലേറെയും 25നും 35നും ഇടയില്‍ പ്രായമുളളവരാണ്. രണ്ട് കുട്ടികളും രണ്ട് ഡ്രൈവർമാരും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, ബസിന്റെ ഡ്രൈവർമാർ അപകടം നടന്ന് നിമിഷങ്ങള്‍ക്കുളളില്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവർക്കായുളള തെരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.പുലർച്ചെ നടന്ന അപകടമായതുകൊണ്ട് രക്ഷാപ്രവർത്തനത്തിനെത്തിച്ചേരാൻ അധികം ആളുകളും ഇല്ലായിരുന്നതും മരണസംഖ്യ ഉയരാൻ കാരണമായിട്ടുണ്ട്. യാത്രക്കാരുടെ നിലവിളി കേട്ടതോടെയാണ് സമീപവാസികള്‍ റോഡിലേക്ക് പാഞ്ഞടുത്തത്. പിന്നാലെ തന്നെ കുർണൂലിലെ അഗ്നിശമനാസേനയെ വിവരമറിയിക്കുകയായിരുന്നു.നാല് ഫയർ എഞ്ചിനുകളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസമയത്ത് കനത്ത മഴ പെയ്തതും രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും വിവരമുണ്ട്. ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘമെത്തിയാണ് പരിശോധന നടത്തുന്നത്. അതേസമയം, ബസിന്റെ ഉള്‍ഭാഗത്ത് തീപിടിക്കാൻ സാദ്ധ്യതയുളള വസ്തുക്കള്‍ ശേഖരിച്ചുവച്ചിരുന്നത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വാഹനം അഗ്നിസുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും അതോ അശ്രദ്ധ മൂലമാണോ സംഭവം നടന്നതെന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്.അപടകത്തില്പ്പെട്ടവരിലേറെയും ഹൈദരാബാദ് സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു അടക്കമുളളവർ അപകടത്തില്‍ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. നരേന്ദ്രമോദി അപകടത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.കുർണൂല്‍ ജില്ലാ കളക്ടർ ഔദ്യോഗികമായി പുറത്തുവിട്ട വിവരമനുസരിച്ച് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നുവെന്നാണ്. അതില്‍ 21 പേരെ രക്ഷപ്പെടുത്തി. 20 പേരാണ് മരിച്ചത്. ഇതില്‍ 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുളളവരെ തിരിച്ചറിയാനുളള നടപടികള്‍ നടത്തിവരികയാണെന്നാണ് അധികൃതർ അറിയിച്ചത്.