മംഗളുരു : മാസ്‌ക് വെയ്ക്കാതെ ഷോപ്പിംഗ് മാളിലെത്തിയെ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മാളില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ ഫെയ്‌സ്മാസ്‌ക് വെയ്ക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ കക്കിലായയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതോടെ ഇയാള്‍ മാസ്‌ക് വെയ്ക്കുന്നത് മണ്ടന്‍ നിയമം ആണെന്ന് ആക്രോശിക്കാനും തര്‍ക്കിക്കാനും തുടങ്ങി. ഇതോടെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടറുടെ നടപടികള്‍ തന്നെയും ജീവനക്കാരെയും മറ്റ് ഉപഭോക്താക്കളെയും അപകടത്തിലാക്കിയെന്ന മാനേജറുടെ രേഖാമൂലമുള്ള പരാതിയെത്തുടര്‍ന്നാണ് പാന്‍ഡെമിക് നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്.
മംഗളുരുവിലെ ഒരു മാളിലെ പലചരക്ക് കടയില്‍ ബില്ലിംഗ് കൗണ്ടറില്‍ വെച്ചാണ് മാസ്‌കില്ലാതെ ശ്രീനിവാസ് നില്‍ക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മാസ്‌ക് വെയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ ബഹളം വെയ്ക്കുകയായിരുന്നു. തനിക്ക് കൊറോണ വന്ന് ഭേദമായതാണെന്നും അതിനാല്‍ മാസ്‌ക് ഇല്ലെങ്കില്‍ പ്രശ്‌നമില്ലെന്നും ഇയാള്‍ പറഞ്ഞതായി ജീവനക്കാര്‍ പറഞ്ഞു.
താന്‍ രോഗികളെ ചികിത്സിക്കുന്നത് മാസ്‌ക് ഇല്ലാതെയാണെന്നും സര്‍ക്കാരിന്റെ വിഡ്ഢി നിയമങ്ങള്‍ അനുസരിക്കാന്‍ തന്നെക്കിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,000 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.