Home Featured പൂണെ-ബെംഗളൂരു ഹൈവേയില്‍ വനിതാ ഡോക്ടര്‍ മരിച്ചനിലയില്‍ കണ്ടെത്തി

പൂണെ-ബെംഗളൂരു ഹൈവേയില്‍ വനിതാ ഡോക്ടര്‍ മരിച്ചനിലയില്‍ കണ്ടെത്തി

by admin

പുണെ-ബെംഗളൂരു ദേശീയപാതയില്‍ വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. പുണെയിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ശുഭാംഗി സമീർ വാംഖഡെ (44) യാണ് മരിച്ചത്.സംഗ്ലി ജില്ലയിലെ ഇസ്ലാപുരില്‍ റോഡരികില്‍ നിർത്തിയിട്ട കാറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. കൈയിലും കഴുത്തിലും മുറിവുകളുണ്ട്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.കാറിന് സമീപം യുവതിയുടെ മൃതദേഹം കണ്ട് വഴിയാത്രക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ജോലിക്കെന്ന് പറഞ്ഞാണ് വനിതാ ഡോക്ടർ പൂണെയിലെ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.വീട്ടില്‍നിന്ന് യാത്രതിരിച്ചത് മുതല്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കിയിരുന്നു. ഡോക്ടർ സഞ്ചരിച്ച വഴിയിലെ ടോള്‍ബൂത്തുകളിലെയും മറ്റു സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദൃശ്യങ്ങളിലെല്ലാം ഡോക്ടർ മാത്രമാണ് കാറിലുണ്ടായിരുന്നതെന്നും വാഹനം നിർത്തിയിട്ടസ്ഥലം വരെ അവർ തന്നെയാണ് കാറോടിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കാറിന്റെ ഡ്രൈവർ സീറ്റ് മുതല്‍ പിൻഭാഗത്തുവരെ ചോരപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഒരു ബ്ലേഡും കണ്ടെത്തി. വാഹനത്തിനുള്ളില്‍വെച്ച്‌ സ്വയം മുറിവേല്‍പ്പിച്ചശേഷം ഡോക്ടർ കാറില്‍നിന്ന് പുറത്തിറങ്ങിയതാകാമെന്നാണ് നിഗമനം. കൈത്തണ്ടയില്‍ മാത്രം നാല് മുറിവുകളുണ്ടായിരുന്നു. കഴുത്തിലും മുറിവുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്നും പോലീസ് അറിയിച്ചു.

നേരത്തെ ഡോക്ടറും ഭർത്താവും മുംബൈയില്‍ ക്ലിനിക്ക് നടത്തിയിരുന്നതായാണ് വിവരം. ഇവർക്ക് പത്താംക്ലാസില്‍ പഠിക്കുന്ന മകനും എട്ടാംക്ലാസ് വിദ്യാർഥിനിയായ മകളും ഉണ്ട്. എന്നാല്‍, കോവിഡ് സമയത്ത് മുംബൈയിലെ ക്ലിനിക്ക് അടച്ചുപൂട്ടേണ്ടിവന്നതോടെ കുടുംബം പൂണെയിലേക്ക് താമസംമാറി. ഇതിനുശേഷം വനിതാ ഡോക്ടർ കടുത്തവിഷാദത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group