ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ കിച്ച സുദീപ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. സിനിമയും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്നും സിനിമാക്കാര്‍ വരികയും പോവുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
“തെരഞ്ഞെടുപ്പില്‍ ഒരു സ്വാധീനവും ഉണ്ടാക്കുമെന്ന് ഞാന്‍ കരുതുന്നില്ല. നിരവധി സിനിമാ താരങ്ങള്‍ വരുന്നു, പോകുന്നു, രാഷ്ട്രീയം സിനിമകളില്‍ നിന്ന് വ്യത്യസ്തമാണ്”. ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേരുകയോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഇല്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പിന്തുണക്കുമെന്നും കിച്ച സുദീപ് ബുധനാഴ്ച പറഞ്ഞിരുന്നു. ബൊമ്മൈയുമായി വ്യക്തിപരമായ ബന്ധമുണ്ടെന്നായിരുന്നു സുദീപിന്‍റെ വിശദീകരണം.
”എനിക്ക് ഇവിടെ വരേണ്ട ഒരാവശ്യവും ഇല്ല. പണത്തിനോ,പദവിക്കോ വേണ്ടിയല്ല ഇവിടെ എത്തിയിരിക്കുന്നത്. ഒരു വ്യക്തിക്കു മാത്രമായാണ് ഇവിടെയെത്തിയത്. മുഖ്യമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അതുകൊണ്ടാണ് ബൊമ്മൈ സാറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രഖ്യാപിക്കുന്നത്” കിച്ച സുദീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. “ഞാന്‍ ബൊമ്മൈ സാറിനെ പൂര്‍ണമായി പിന്തുണക്കുന്നു. പക്ഷേ, ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുമില്ല, രാഷ്ട്രീയത്തില്‍ ഇറങ്ങുകയുമില്ല. എനിക്ക് പൂര്‍ത്തിയാക്കാന്‍ സിനിമകളുണ്ട്, എന്‍റെ ആരാധകര്‍ സന്തോഷിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്നഡ സൂപ്പര്‍താരത്തിന്‍റെ പ്രചാരണം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് ബസവരാജ് ബൊമ്മൈ ഇതിനോട് പ്രതികരിച്ചു.”കിച്ച സുദീപ് പ്രശസ്തനായ സൂപ്പര്‍സ്റ്റാറാണ്, ഞങ്ങള്‍ക്കായി പ്രചാരണം നടത്തും. അദ്ദേഹത്തിന്‍റെ പ്രചാരണത്തിന്റെ ബ്ലൂപ്രിന്‍റ് ഞങ്ങള്‍ ഉടന്‍ തയ്യാറാക്കും.അദ്ദേഹം വളരെ വലിയ താരമാണ്, അദ്ദേഹത്തിന്‍റെ ജനപ്രീതി വളരെ ഉയര്‍ന്നതാണ്, അദ്ദേഹത്തിന്റെ പ്രചാരണം ബി.ജെ.പിക്ക് വളരെയധികം ശക്തി നല്‍കുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു” ബസവരാജ് പറഞ്ഞു.
മേയ് 10നാണ് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണല്‍ നടക്കും. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസും ജെഡിഎസും യഥാക്രമം 78, 37 സീറ്റുകള്‍ നേടി.
കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ ആമസോണ്‍; വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അവസരങ്ങള്‍ ഒരുങ്ങും
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുമായി കൈക്കോര്‍ക്കുവാന്‍ ഒരുങ്ങുകയാണ് ആമസോണ്‍. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ അവസരങ്ങള്‍ ഒരുങ്ങും. സര്‍ക്കാരിന്റെ സ്റ്റുഡിയോകളില്‍ നിന്ന് സിനിമകളും ടിവി ഷോകളും സ്ട്രീം ചെയ്യുവാനും ആമസോണ്‍ വിപണിയില്‍ സര്‍ക്കാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുവാനുമാണ് പുതിയ തയ്യാറെടുപ്പ്.
ഇതിനായി പുതിയ കരാറില്‍ ഒപ്പുവച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ആമസോണും ബുധനാഴ്ചയാണ് കരാറില്‍ ഒപ്പുവച്ചത്. ആമസോണിന്റെയും പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിന്റെയും പ്രധാന വളര്‍ച്ചാ വിപണി കൂടിയാണ് ഇന്ത്യ.
അതേസമയം, പോസ്റ്റ്-പ്രൊഡക്ഷന്‍, ആനിമേഷന്‍ എന്നിവയുടെ പരിശീലന പരിപാടികള്‍ക്കായി നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.