കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്ബോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 23 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന. ശിവകുമാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളു. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്.
ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകള്‍ തനിക്ക് നല്‍കണമെന്നും ഡി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഡി.കെ നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബംഗളൂരുവില്‍ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നല്‍കാതെ വഴങ്ങില്ലെന്ന ഡി.കെ ശിവകുമാറിന്റെ കടുത്ത നിലപാടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.
കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് തീരുമാനം.
സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന് നല്‍കിയേക്കും. ഒറ്റ പദവി നിബന്ധനയിലും ഇളവ് നല്‍കി പിസിസി അധ്യക്ഷനായി തുടരാന്‍ അനുവദിക്കും.
സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. ഇന്നു വൈകിട്ട് ഏഴിന് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
മൂന്നു ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് കര്‍ണാടകയിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ നടന്ന അനുനയ നീക്കങ്ങള്‍ വിജയം കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആദ്യ 2 വര്‍ഷം സിദ്ധരാമയ്യയ്ക്കും ബാക്കി 3 വര്‍ഷം ശിവകുമാറിനും നല്‍കാമെന്ന ഹൈക്കമാന്‍ഡിന്റെ പരിഹാര ഫോര്‍മുല ശിവകുമാര്‍ തള്ളിയിരുന്നു. പൂര്‍ണ ടേം അനുവദിക്കുക, അല്ലെങ്കില്‍ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു.