ബെംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരു ഗുരുതരമായ ജലക്ഷാമത്തിലേക്ക് എന്ന വാർത്തകൾ വ്യാപകമാകുമ്പോൾ ജല വിഭവ വകുപ്പ് മന്ത്രി ഡികെ ശിവകുമാർ “സംസ്ഥാനത്ത് കുടിവെള്ള ക്ഷാമമില്ല” എന്ന് വ്യക്തമാക്കി. സാധാരണക്കാർക്കും കർഷകർക്കും ആവശ്യമായ വെള്ളം സർക്കാർ കാര്യക്ഷമമായി വിതരണം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”സംസ്ഥാനത്ത് കുടിവെള്ള പ്രശ്‌നമൊന്നുമില്ല. ആവശ്യത്തിന് വെള്ളം ഞങ്ങൾക്ക് ലഭ്യമാണ്, അത് ഉദ്ദേശിച്ച പ്രകാരം വിതരണം ചെയ്യുകയും ജല വിതരണ ആവശ്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നു,ണ്ട് ” മന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.
ഡികെ ശിവകുമാർ ഉദയ്പൂരിൽ നടന്ന ആഖിലേന്ത്യാ ജലവിഭവ മന്ത്രിമാരുടെ രണ്ടാം സമ്മേളനത്തിൽ തുംഗഭദ്ര നദിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ചു. ആന്ധ്ര പ്രദേശ്, തെലങ്കാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി.”തുംഗഭദ്ര നദിയിൽ ഒരു പകരം ഡാം നിർമ്മിക്കാനുള്ള ആഗ്രഹം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട് . ഇതിനായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി നേരിട്ട് ചർച്ച നടത്തി. കൂടാതെ, വെള്ള സംഭരണ ശേഷി കുറയ്ക്കുന്ന സ്ലിറ്റ് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ് ” ശിവകുമാർ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതിനാൽ, മേക്കേദാട്ടു പദ്ധതിയിൽ തമിഴ്നാടിനും കർണാടകയ്ക്കും ഒരുപോലെ ഗുണം ലഭിക്കേണ്ടതുണ്ടെന്ന് ശിവകുമാർ അഭിപ്രായപ്പെട്ടു.”രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും , മേക്കേദാട്ടു പദ്ധതി ഇരുവർക്കും ഉപകാരപ്രദമാകണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അഭിപ്രായം നിർണായകമാണ്,” അദ്ദേഹം വ്യക്തമാക്കി.കൃഷ്ണ നദിയിലേക്കുള്ള അളമട്ടി ഡാം പദ്ധതി സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം കാത്തിരിക്കുകയാണ്. ഇതിനായി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണ, കാവേരി, ഗോദാവരി നദികളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും ജല വിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ₹14,000 കോടി വിലമതിക്കുന്ന പദ്ധതികളും ചർച്ച ചെയ്തതായി ശിവകുമാർ പറഞ്ഞു.”ഈ പദ്ധതികൾ നടപ്പിലാക്കുന്നതിനായി എംപിമാർ അവരുടെ മണ്ഡലങ്ങളിലെ നിർദ്ദേശങ്ങൾ നൽകണമെന്നും അതിലൂടെ സംസ്ഥാനത്ത് ജല സംരക്ഷണം സുഗമമാക്കാമെന്നും ” അദ്ദേഹം വ്യക്തമാക്കി.