മെട്രോ നിരക്ക് വർധന സംബന്ധിച്ച് ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് തീരുമാനമെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്കുശേഷം ബി.എം.ആർ.സി.എല്‍ ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ നിരക്ക് വർധന സംബന്ധിച്ച് ഒരു കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോർപറേഷൻ അതില്‍ തീരുമാനവും കൈക്കൊണ്ടു. റിപ്പോർട്ടിന്റെ ഉള്ളടക്കത്തില്‍ താൻ ഇടപെടില്ല. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ മെട്രോ റൂട്ടുകളില്‍ ഡബ്ള്‍ ഡെക്കർ റോഡുകള്‍ നിർമിക്കല്‍, നഗര സൗന്ദര്യവത്കരണം എന്നിവ ഉള്‍പ്പെടെ അംഗീകരിച്ചു.
എല്ലാ പുതിയ മെട്രോ റൂട്ടുകളിലും ഏകദേശം 40 കിലോമീറ്റർ ദൈർഘ്യത്തില്‍ ഡബ്ള്‍ ഡെക്കർ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവും. അടുത്ത 30 -40 വർഷം മുന്നില്‍കണ്ടാണ് പദ്ധതിയിടുന്നത്. ചെലവുകള്‍ ബംഗളൂരു നഗരസഭയും (ബി.ബി.എം.പി) നമ്മ മെട്രോയും (ബി.എം.ആർ.സി.എല്‍) തുല്യമായി പങ്കിടും. ഡബ്ള്‍ ഡെക്കർ റെയില്‍വേക്കായി 9,800 കോടി രൂപയുടെ അധിക ചെലവ് വരും. രാഗിഗുദ്ദയിലെ പൈലറ്റ് പദ്ധതി വിജയകരമായിരുന്നു. ഭാവിയിലെ മെട്രോ സ്റ്റേഷനുകളില്‍ മതിയായ പാർക്കിങ് സൗകര്യം ഉണ്ടാവണമെന്നാണ് കാഴ്ചപ്പാട്. നിലവില്‍ ആളുകള്‍ മെട്രോ ഉപയോഗിക്കുന്നതിനായി റോഡരികുകളിലും സ്വകാര്യ സ്ഥലങ്ങളിലുമാണ് വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത്.
ഇത് പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട മെട്രോ റൂട്ടുകള്‍ക്ക് ഡബ്ള്‍ ഡെക്കർ അടിസ്ഥാന സൗകര്യങ്ങള്‍ നിർബന്ധമാണ്. വർധിച്ചുവരുന്ന ഭൂമി ഏറ്റെടുക്കല്‍ ചെലവ് കാരണം റോഡ് വീതി കൂട്ടല്‍ പ്രയാസമാവുന്നുണ്ട്. ബ്രാൻഡ് ബംഗളൂരു സംരംഭത്തിനുകീഴില്‍ നഗര സൗന്ദര്യവത്കരണത്തില്‍ ബി.ബി.എം.പിയും ബി.എം.ആർ.സി.എലും സഹകരിക്കണം. മെട്രോ പില്ലറുകള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കും. വരുമാനം രണ്ട് ഏജൻസികളും തുല്യമായി പങ്കിടും.
തുമകുരു -കെ.ആർ പുരം റോഡിലെ ഗതാഗതം സുഗമമാക്കുന്നതിന് ബംഗളൂരു വികസന അതോറിറ്റി, മെട്രോ, ബി.ബി.എം.പി എന്നിവ സംയുക്തമായി ബി.ഡി.എയുടെ ധനസഹായത്തോടെ അടിപ്പാത നിർമിക്കുമെന്ന് ശിവകുമാർ പറഞ്ഞു.