Home കർണാടക ദീപാവലി ആഘോഷിക്കാത്ത 200 വർഷം! ഏഴ് തലമുറകളായി കർണാടകയിലെ ഗ്രാമത്തിൽ ആഘോഷമില്ല; നാട്ടുകാർക്കിത് മായാത്ത നോവിൻ്റെ ഓർമ്മ ദിനം

ദീപാവലി ആഘോഷിക്കാത്ത 200 വർഷം! ഏഴ് തലമുറകളായി കർണാടകയിലെ ഗ്രാമത്തിൽ ആഘോഷമില്ല; നാട്ടുകാർക്കിത് മായാത്ത നോവിൻ്റെ ഓർമ്മ ദിനം

by admin

ദാവണഗരെ: രാജ്യം ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ, കർണാടകയിലെ ദാവണഗരെ താലൂക്കിലെ ലോകിക്കരെ ഗ്രാമം പതിവുപോലെ ഇത്തവണയും നിശബ്‌ദത പാലിച്ചു. ദീപങ്ങൾ കൊണ്ട് വീടും നാടും അലങ്കരിക്കാൻ അവർ ഇക്കുറിയും തയ്യാറായില്ല. എവിടെയും പടക്കങ്ങൾ പൊട്ടുന്ന ശബ്ദങ്ങളുമില്ല. രണ്ട് നൂറ്റാണ്ടോളമായി, അല്ലെങ്കിൽ ഏഴ് തലമുറകളായി ഇവിടുത്തെ കുടുംബങ്ങൾ ദീപാവലി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നു

. 200 വർഷം മുൻപ് കാണാതായ യുവാക്കളുടെ നീറുന്ന നോവോർമയാണ് ഈ ഗ്രാമീണർക്ക് ഓരോ ദീപാവലിക്കാലവും.പട്ടികജാതി മാഡിക സമൂഹം, പട്ടികവർഗ വാൽമീകി നായക സമൂഹം, പിന്നാക്ക വിഭാഗം കുറുംമ്പ സമൂഹവുമാണ് ഗ്രാമത്തിൽ താമസിക്കുന്നവരിൽ ഭൂരിഭാഗവും. ഗ്രാമത്തിലെ ഏകദേശം 70% കുടുംബങ്ങളും ഇതുവരെ ദീപാവലി ആഘോഷിച്ചിട്ടില്ല. ഏകദേശം രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ദീപാവലി ഉത്സവത്തിന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കാൻ വനത്തിലേക്ക് പോയ ഗ്രാമത്തിലെ യുവാക്കൾ തിരിച്ചെത്തിയിരുന്നില്ല.

ആ പുരുഷന്മാരെ കാത്ത് അവരുടെ കുടുംബങ്ങളും നാട്ടുകാരും ആ വർഷം ദീപാവലി ആഘോഷിച്ചില്ല. കാണാതായ യുവാക്കൾ പിന്നീടൊരിക്കലും തിരിച്ചെത്തിയതുമില്ല. അതിനാൽ തന്നെ പിന്നീടൊരിക്കലും ഈ ഗ്രാമത്തിൽ ദീപാവലി വിളക്കുകൾ തെളിയുകയോ പടക്കങ്ങൾ പൊട്ടിക്കുകയോ ചെയ്തില്ല.പൂർവ്വികരുടെയും മുതിർന്നവരുടെയും പാത പിന്തുടർന്ന് ലോകിക്കരെയിലെ കുടുംബങ്ങൾ ഇപ്പോഴും ദീപാവലി ആഘോഷിക്കേണ്ടതില്ലെന്ന നിലപാടിലാണ്. തലമുറകളായി അവർ അത് പാലിച്ചുപോരുന്നു. ഇന്ന് ഇവർക്ക് ദീപാവലി ആഘോഷിക്കാതിരിക്കുന്നത് ആചാരമായി മാറി. ദീപാവലി ആഘോഷിക്കുന്നത് ജീവിതത്തിൽ ദുർഘടങ്ങൾ വിളിച്ചുവരുത്തുമെന്നാണ് ഗ്രാമീണരുടെ ഇപ്പോഴത്തെ വിശ്വാസം. എങ്കിലും മറ്റുള്ളവർ ദീപാവലി ആഘോഷിക്കുന്നതിൽ ഇവ സന്തോഷിക്കുന്നു. സ്വന്തം പൂർവീകരുടെ സ്മരണാർത്ഥം ലോകിക്കരെ ഗ്രാമവാസികൾ നടത്തുന്ന ആഘോഷമാണ് ഇവർക്ക് ഏറ്റവും പ്രധാനപ്പെട്ടത്. മഹാലയ അമാവാസി ദിനത്തിലാണ് ഗ്രാമീണർ പൂർവികരുടെ ഓർമയ്ക്കായി ഈ ആഘോഷം നടത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group