സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് മാലദ്വീപ്. ഹണിമൂണ്‍ ആഘോഷിക്കാനും വെക്കേഷൻ ചെലവിടാനും പറ്റിയ സ്ഥലം. ഇപ്പോഴിതാ ബംഗളൂരു നിവാസികള്‍ക്ക് മാലദ്വീപിലേക്ക് പോകാൻ സുവർണ്ണാവസരം, എങ്ങനെയെന്നല്ലെ ബെംഗളൂരുവില്‍ നിന്ന് നേരിട്ട് മാലദ്വീപിലേക്ക് വിമാന സർവീസ് മേയ് 15 മുതല്‍ ആരംഭിച്ചു.അതും ആഴ്ചയില്‍ രണ്ട് വിമാന സർവീസുകള്‍.മാലദ്വീപിലെ വടക്കൻ ഭാഗത്തുള്ള അതിമനോഹരമായ ദ്വീപുകളിലേക്ക് ആണ് ബെംഗളൂരുവില്‍ നിന്നുള്ള സഞ്ചാരികള്‍ നേരിട്ടെത്തുക. മാലദ്വീപിന്റെ ദേശീയ എയർലൈൻ ആയ മാല്‍ഡിവിയൻ ആണ് ബെംഗളൂരുവില്‍ നിന്ന് ഹനിമാധൂവിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്.
വിനോദസഞ്ചാരികള്‍ക്കു മാത്രമല്ല മാലദ്വീപിലേക്ക് ഒരു ഹണിമൂണ്‍ ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും സോളോ ട്രിപ്പ് പോകാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം എളുപ്പത്തില്‍ മാലദ്വീപ് വരെ പോയിട്ട് വരാം.മാലദ്വീപിന്റെ വടക്കൻ ഭാഗം പ്രധാനമായും ശാന്തമായ തടാകങ്ങളാലും പ്രാദേശികമായ മനോഹര ദ്വീപുകളാലും ഡൈവിങ് ഹോട്ട് സ്പോട്ടുകളാലും സഞ്ചാരികളെ ആകർഷിക്കുന്നു. ഹാ ദാലു അറ്റോളില്‍ സ്ഥിതി ചെയ്യുന്ന ഹനിമാധു രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ ദ്വീപുകളില്‍ ഒന്നാണ്.
ദ്വീപ സമൂഹത്തില്‍ ശാന്തമായ ഒരു യാത്രയും കമ്യൂണിറ്റി അധിഷ്ഠിത വിനോദസഞ്ചാരം ആഗ്രഹിക്കുന്നവർക്കും ഈ പ്രദേശം അനുയോജ്യമാണ്.മാലദ്വീപിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് തുടങ്ങി നിരവധി വഴികളിലൂടെ ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ആഴ്ചയില്‍ രണ്ട് വിമാന സർവീസുകള്‍ ആയിരിക്കും ഈ റൂട്ടില്‍ മാലദ്വീപ് നടത്തുക. എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും ആയിരിക്കും ബെംഗളൂരുവില്‍ നിന്ന് മാലദ്വീപിലേക്കുള്ള വിമാനം പുറപ്പെടുക. വിനോദ, ബിസിനസ് യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തില്‍ യാത്രകള്‍ പ്ലാൻ ചെയ്തിരിക്കുന്നത്. മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന സർവീസ്.