ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 3.6 കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു മാറത്തഹള്ളിയിൽ താമസിക്കുന്ന 33-കാരിയാണ് തട്ടിപ്പിനിരയായത്.
മുംബൈ പോലീസ് എന്ന വ്യാജേന ബന്ധപ്പെടുകയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റുചെയ്തെന്ന് അറിയിച്ച് പണം തട്ടിയെടുക്കുകയുമായിരുന്നു. പരിശോധനകൾക്കുശേഷം തിരികെനൽകുമെന്ന് പറഞ്ഞ് പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ നിർദേശിക്കുകയായിരുന്നു.യുവതിയുടെയും അച്ഛന്റെയും അക്കൗണ്ടുകളിൽനിന്നാണ് പണം നൽകിയത്.
ഓഗസ്റ്റിലാണ് മുംബൈ പോലീസിൽനിന്നുള്ള വിശാൽ എന്ന് സ്വയംപരിചയപ്പെടുത്തിയ ആൾ യുവതിയെ വാട്സാപ്പിൽ വിളിച്ചത്. ഇയാൾ അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് പരിശോധനകൾക്കായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്.
42 ബാങ്ക് അക്കൗണ്ടുകളിലേക്കായി 3,62,87,000 രൂപയാണ് നിക്ഷേപിച്ചത്. എന്നാൽ, പിന്നീട് ബന്ധപ്പെട്ടില്ല. തിരികെ വിളിച്ചിട്ടും കോളുകൾ എടുക്കാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.