ഭൂമിക്കടിയിലൂടെയുളള ഇന്ധന പൈപ്പ് ലൈനില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച 3 പേര് അറസ്റ്റില്‍. പച്ചനാടിയിലെ അജിത്, അഡ്യാര്‍ കണ്ണൂരിലെ ജോയല്‍ പ്രീതം ഡിസൂസ, ബണ്ട്വാള്‍ അറളയിലെ ഐവാന്‍ ചാള്‍സ് പിന്റോ എന്നിവരാണ് അറസ്റ്റലായത്.
മംഗളൂരു ബണ്ട്വാളിന് സമീപം അറളിയിലാണ് സംഭവം. പിന്റോയുടെ കൃഷിസ്ഥലത്തെ മണ്ണ് നീക്കി പെട്രോനെറ്റ് എം.എച്ച്.ബി. ലിമിറ്റഡിന്റെ മംഗളൂരു-ബെംഗളൂരു പൈപ്പ് ലൈന്‍ തുളച്ച് വാള്‍വും പൈപ്പും ഘടിപ്പിച്ചാണ് ഇവര്‍ ഡീസല്‍ മോഷ്ടിച്ചത്.
ജൂലായ് 11-ന് അധികൃതര്‍ നടത്തിയ പതിവ് പരിശോധനയില്‍ പൈപ്പ് ലൈനിലെ മര്‍ദവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് അറളയില്‍ പ്രദേശത്തെ പൈപ്പിലാണ് പ്രശ്നമെന്ന് കണ്ടെത്തിയതും ഡീസല്‍ മോഷണം പിടികൂടിയതും.
ഇത് തിരിച്ചറിഞ്ഞതോടെ പി.എം.എച്ച്.ബി. അധികൃതര്‍ ബണ്ട്വാള്‍ പോലീസില്‍ പരാതി നല്കി. 40 ലക്ഷം രൂപയുടെ ഡീസല്‍ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പിന്റോയെ അറസ്റ്റു ചെയ്തു.ഇയാളെ ചോദ്യംചെയ്തപ്പോള്‍ പൈപ്പ് ലൈന്‍ തുളയ്ക്കാനും വാള്‍വ് ഘടിപ്പിക്കാനുമൊക്കെ സഹായിച്ചത് അജിത്തും ജോയലുമാണെന്ന് മൊഴിനല്‍കി.
ഇതോടെ ഇവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ആറുപേരുകൂടി മോഷണത്തിനു പിറകിലുണ്ടെന്നാണ് സൂചന. പെട്രോളിയം ആന്‍ഡ് മിനറല്‍സ് പൈപ്പ് ലൈന്‍ നിയമപ്രകാരമാണ് അറസ്റ്റ്.