തിരുവനന്തപുരം: ഉമിനീര് പരിശോധനയിലൂടെ വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട സാജിനോം എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചു.
നിര്‍മിതബുദ്ധി, മെഷീന് ഇന്റലിജന്‍സ് എന്നിവയിലൂടെ ഓമൈജീന്‍ എന്ന പരിശോധന സംവിധാനമാണിത്. ജനിതകഘടന മനസ്സിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്ന് സാജിനോം സ്ഥാപകരായ എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ മുന്‍ സി.എം.ഡി. ഡോ. എം. അയ്യപ്പന്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ പ്രഫ. എം. രാധാകൃഷ്ണപിള്ള എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കേരള സ്റ്റാര്‍ട്ടപ് മിഷെന്റ സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട സാജിനോം ഇതിനകം തന്നെ വീടുകളിലെത്തി ഉമിനീര് സാമ്ബിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ‘ഹോം സലൈവ കലക്ഷന്‍ കിറ്റ്’ ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കി.
തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സാജിനോം പരിശോധനക്കായി സ്വന്തം സംവിധാനമൊരുക്കും. ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒരേക്കറില്‍ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കും. അടുത്ത വര്‍ഷം തന്നെ ലാബ് പൂര്‍ത്തിയാകും.
ജനിതക ഡേറ്റ കമ്ബ്യൂട്ടറില്‍ വിശകലനം ചെയ്ത് രോഗസാധ്യതകള്‍ നിര്‍ണയിക്കാനാകുമെന്നും പ്രഫ. രാധാകൃഷ്ണപിള്ള പറഞ്ഞു. ചികിത്സാരീതികള്‍ മാത്രമല്ല, ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനും കഴിയും.അര്‍ബുദം, ഹൃദയസംബന്ധവും നാഡീ സംബന്ധവുമായ രോഗങ്ങള്‍, പ്രത്യുല്പാദന-വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവക്കുപുറമെ മരുന്നുകളോട് ഒരു വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതി, ആരോഗ്യപരിപാലന നിയന്ത്രണം എന്നിവയും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയും.
സ്ത്രീ-പുരുഷ വന്ധ്യതയില്‍ ജനിതക ഘടന വലിയ പങ്കുവഹിക്കുന്നതിനാല്‍ ഈ മേഖലയില്‍ സാജിനോം കേന്ദ്രീകൃത ഗവേഷണം ആരംഭിച്ചു.പഥ്യം, ഔഷധം തുടങ്ങിയ അടിസ്ഥാന ആയുര്‍വേദ സമ്ബ്രദായങ്ങള്‍ക്ക് ജനിതക മൂല്യവത്കരണം ഉറപ്പാക്കുന്ന ആയുര്‍ജീനോമിക്സ് എന്ന സംവിധാനം വികസിപ്പിക്കാന്‍ സാജിനോം തീരുമാനിച്ചു.
വ്യക്തിയധിഷ്ഠിതമായ ‘ദോഷം’ മുതല്‍ പൊതുവിലുള്ള ‘പ്രകൃതി’ സ്വാധീനം വരെ കണക്കിലെടുത്തായിരിക്കും ഇത് ചെയ്യുക. ഡിസംബറില്‍തന്നെ ഇത് ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു.