Home Featured ദക്ഷിണേന്ത്യയിലെ യുവാക്കളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതായി പഠനം;പ്രമേഹം എങ്ങനെ തടയാം?വിശദമായി വായിക്കാം

ദക്ഷിണേന്ത്യയിലെ യുവാക്കളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നതായി പഠനം;പ്രമേഹം എങ്ങനെ തടയാം?വിശദമായി വായിക്കാം

by admin

ചെന്നൈ | രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്ന ഒരു ക്രോണിക് മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരുമ്ബോഴോ, ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാനാകാതെ വരുമ്ബോഴോ ആണ് ഈ അവസ്ഥ ഉണ്ടാകുന്നത്. കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ടൈപ്പ് വണ്‍, മുതിർന്നവരിലും മറ്റും സാധാരണയായി ഉണ്ടാകുന്ന ടൈപ്പ് ടു എന്നിങ്ങനെ രണ്ടുതരം പ്രമേഹങ്ങളാണ് പ്രധാനമായും ഉള്ളത്. ഇതില്‍ ടൈപ്പ് ടു പ്രമേഹം ദക്ഷിണേന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ വർദ്ധിക്കുന്നതായി പുതിയ പഠനം പറയുന്നു.

ഇന്ത്യാ ഡയബറ്റിസ് റിസർച്ച്‌ ഫൗണ്ടേഷനിലെ ഡോ. എ രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 10 വർഷത്തിനിടെ ദക്ഷിണേന്ത്യയിലെ പ്രായമായവരേക്കാള്‍ ചെറുപ്പക്കാർക്കിടയിലാണ് ടൈപ്പ് 2 പ്രമേഹം വർദ്ധിച്ചതെന്ന് പഠനത്തില്‍ പറയുന്നു. അമിതവണ്ണവും പ്രമേഹത്തിൻ്റെ കുടുംബ ചരിത്രവുമാണ് വ്യാപനത്തിൻ്റെ വർദ്ധനവിന് പ്രധാന കാരണമായി കണ്ടെത്തിയത്. 20 നും 39 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരിലും 40 വയസ്സിനു മുകളിലുള്ളവരിലുമാണ് പഠനം നടത്തിയത്. 2006 – 2016 കാലയളവില്‍ ആയിരുന്നു പഠനം. ഇത് ജേണല്‍ ഓഫ് ഡയബറ്റിസ് എന്ന ജേർണലില്‍ പ്രസിദ്ധീകരിച്ചു.

ചെന്നൈ, കാഞ്ചീപുരം, പൻരുത്തി എന്നീ മൂന്ന് മേഖലകളില്‍ നടത്തിയ രണ്ട് എപ്പിഡെമിയോളജിക്കല്‍ സർവേകളുടെ ഡാറ്റ ഉപയോഗിച്ചാണ് സംഘം വിശകലനം നടത്തിയത്. 20-39 വയസ്സിനിടയില്‍ ഉള്ള 7066 പേരും 40ന് മുകളിലുള്ള 9,848 പേരും സർവ്വേയില്‍ പങ്കെടുത്തു.

ഒരു ദശാബ്ദത്തിനുള്ളില്‍ രണ്ട് പ്രായ വിഭാഗങ്ങളിലും പ്രമേഹത്തിൻ്റെ വ്യാപനം വർദ്ധിച്ചതായി പഠനം പറയുന്നു. യുവജനങ്ങളില്‍ വെറും 4.5% മാത്രമായിരുന്ന പ്രമേഹത്തിൻ്റെ വ്യാപനം 10 വർഷത്തിനുള്ളില്‍ 7.8% ആയി. 36 ശതമാനമാണ് വർദ്ധനവ്. 40 ന് മുകളിലുള്ളവരില്‍ പ്രമേഹ വ്യാപനം 28.4% ല്‍ നിന്ന് 34% ആയി ഉയർന്നു. പ്രമേഹം ചെറുപ്പക്കാരില്‍ 120 ശതമാനവും മുതിർന്നവരില്‍ 150 ശതമാനവും വർദ്ധിച്ചതായും പഠനം പറയുന്നു.

പ്രമേഹം എങ്ങനെ തടയാം?

പതിവായുള്ള വ്യായാമം, ശരീരം ഭാരം നിയന്ത്രിക്കുക ഇവയെല്ലാം പ്രമേഹത്തിനുള്ള കാലതാമസം കൂട്ടും. 25 വയസിൽ പ്രമേഹത്തിനുള്ള സാധ്യതയുണ്ടെങ്കിൽ ഒരു 50 അല്ലെങ്കിൽ 60 വയസിലേക്ക് കാലതാമസം വരുത്താൻ ഇതിലൂടെ കഴിയും. ചിലർക്ക് ഫാസ്റ്റിങ് ഷുഗർ കൂടുതലായിരിക്കും, പക്ഷേ ഭക്ഷണത്തിനുശേഷമുള്ള ഷുഗർ നിയന്ത്രണത്തിലായിരിക്കും. ഇവർക്ക് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം വരുന്നത് വൈകിപ്പിക്കാനാകും. വ്യായാമം ചെയ്യുന്നതും, ഭക്ഷണശേഷം ചെറിയ നടത്തം പോലുള്ള ശാരീരിക ചലനങ്ങളും ഇൻസുലിൽ ഉത്പാദനം കൂട്ടും. ഇത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും.

ചോറാണെങ്കിലും ചപ്പാത്തിയാണെങ്കിലും അളവാണ് പ്രധാനം

”ചോറാണെങ്കിലും ചപ്പാത്തിയാണെങ്കിലും ഒരുപോലെയാണ്. എല്ലാത്തിന്റെയും കൂടെ ഫൈബറും പ്രോട്ടീനും ഉൾപ്പെടുത്തുക. ഫൈബർ എന്നു പറയുമ്പോൾ പച്ചക്കറികളാണ്. ചോറ് ഒരു കപ്പ് കഴിക്കുകയാണെങ്കിൽ ഒരു കപ്പ് പച്ചക്കറികൾ കഴിക്കുക. ഇഡ്ഡലിക്കൊപ്പം സാമ്പാർ കഴിച്ചാൽ പരിപ്പുള്ളതുകൊണ്ട് പ്രോട്ടീനും പച്ചക്കറികൾ ഉള്ളതുകൊണ്ട് ഫൈബറും കിട്ടും. ഉച്ചയ്ക്കും അതുപോലെ പ്രോട്ടീനും ഫൈബറും കിട്ടുന്നവ കഴിക്കുക. ഒരു സാലഡ് ഉൾപ്പെടുത്തിയാൽ വളരെ നല്ലതാണ്. വീട്ടിലുണ്ടാക്കുന്ന അവിയലോ തോരനോ എന്തുമാകാം. നോൺ വെജിറ്റേറിയൻകാർക്കു മത്സ്യം സുരക്ഷിതമായ ഒന്നാണ്. പരിപ്പോ കടലയോ പയറോ ഒക്കെ കഴിക്കാം. കൊഴുപ്പ് എപ്പോഴും ശ്രദ്ധിക്കണം. അവിയൽ പോലുള്ളവയിൽ എണ്ണയും തേങ്ങയും കൂടുതലാണെങ്കിൽ വിപരീത ഫലമുണ്ടാക്കും. വെജിറ്റേറിയൻകാർ പയർ വർഗങ്ങൾക്കൊപ്പം തൈരും കഴിക്കണം. അത്താഴത്തിനും ഈ ഭക്ഷണക്രമം ശീലിക്കാം.” ഡോ.ജയശ്രീ പറഞ്ഞു.

ഷുഗർ നിയന്ത്രണത്തിലാണെങ്കിൽ മധുരം കഴിക്കാമെന്നു ഡോ.ജയശ്രീ അഭിപ്രായപ്പെട്ടു. ”അതിരാവിലെയുള്ള ചായയിലോ കാപ്പിയിലോ അര ടീസ്പൂൺ അല്ലെങ്കിൽ ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കാം. പക്ഷേ, ഷുഗർ നിയന്ത്രണത്തിലല്ലെങ്കിൽ മധുരം പൂർണമായും ഒഴിവാക്കുക. കിഴങ്ങ് വർഗങ്ങളും കഴിക്കാം. പക്ഷേ, എല്ലാം അളവ് നിയന്ത്രിച്ച് മാത്രമായിരിക്കണം. എണ്ണയും മൈദയും അടങ്ങിയ എല്ലാ ബേക്കറി സാധനങ്ങളും ഒഴിവാക്കുക. ബ്രെഡ് കഴിക്കണമെന്നുണ്ടെങ്കിൽ ഗോതമ്പ് കൊണ്ടുള്ളത് ആവാം. പക്ഷേ ഒന്നോ രണ്ടോ കഷ്ണത്തിനൊപ്പം അതിന്റെ അത്രയും അളവിൽ പച്ചക്കറികൾ ചേർത്ത് സാൻഡ്‌വിച് പോലെ കഴിക്കുക. ഇതിലൂടെ ഗ്ലൈസമിക് സൂചിക കുറയ്ക്കാം.”

പഴങ്ങൾക്കും വേണം നിയന്ത്രണം

ജ്യൂസ് കൂടുതൽ കഴിക്കുന്നത് ഷുഗർ വരാനുള്ള സാധ്യതയുണ്ടാക്കും. പക്ഷേ, ഫൈബർ അതായത് തൊലിയോടു കൂടിയ പഴങ്ങൾ നിയന്ത്രിതമായ അളവിൽ കഴിക്കുക. ഒരു തവണ അരക്കിലോ ഓറഞ്ച് കഴിക്കുന്നതിനു പകരം തവണകളായി കഴിക്കുക. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നിങ്ങനെ തവണകളായി കഴിക്കുന്നതു പ്രമേഹം വരുന്നതു തടയും.

ഡോ.ജയശ്രീയുടെ അഭിപ്രായത്തിൽ രാവിലെ എട്ടിനും 8.30 നും ഇടയിൽ പ്രഭാത ഭക്ഷണം കഴിക്കണം. ഉച്ചയ്ക്ക് ഒന്നിനും 1.30 നും ഇടയിൽ ഉച്ചഭക്ഷണം. അത്താഴം ഏഴു മണിക്ക് കഴിക്കുന്നതാണ് ഉചിതം. 8.30 നുശേഷം ഒരിക്കലും കഴിക്കരുത്.

രാവിലെ ചായയോ കാപ്പിയോ കുടിക്കാം. പ്രഭാതഭക്ഷണത്തിനൊപ്പവും പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുക. നോൺ വെജ് കഴിക്കുന്നവരാണെങ്കിൽ പ്രോട്ടീന്റെ ആവശ്യകത അനുസരിച്ച് ഒന്നോ രണ്ടോ മുട്ടയുടെ വെള്ള കഴിക്കാം. ഷുഗർ നിയന്ത്രണത്തിലുള്ളവരാണെങ്കിൽ 10 മണിക്ക് ഏതെങ്കിലും ഒരു പഴം കഴിക്കാം. അല്ലാത്തവർ പഴം ഒഴിവാക്കുക. ഷുഗർ ഉള്ളവർ 100 ഗ്രാമിനുള്ളിലുള്ള അളവിലേ പഴം കഴിക്കാവൂ. ജ്യൂസ് കഴിക്കരുത്. ഫ്രഷ് പഴങ്ങൾ ആയിട്ടുവേണം കഴിക്കാൻ. ചെറിയൊരു ആപ്പിളോ ഓറഞ്ചോ കഴിക്കാം. പ്രമേഹമില്ലാത്തവർക്കു പഴങ്ങൾ ഇടവേളകളായി കഴിക്കാം.ഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കാതിരിക്കുക. ചോറ് കഴിച്ച ഉടൻ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഷുഗർ നിയന്ത്രണ വിധേയമല്ലാത്തവർക്ക് ഈ സമയത്ത് സാലഡോ സൂപ്പോ കഴിക്കാം. യോഗർട്ട് കഴിക്കാം. പ്രോബയോട്ടിക്സ് അതിലുണ്ട്. കുടലിന്റെ രോഗപ്രതിരോധി കൂട്ടാനും ഇതിലൂടെ കഴിയും.

ഉച്ച ഭക്ഷണ സമയത്ത് വെജിറ്റേറിയനാണെങ്കിൽ കടലയോ പയറോ പരിപ്പോ അതിനൊപ്പം തൈരും കൂടി കഴിക്കുക. സാലഡ് കഴിക്കുന്നത് ഏറ്റവും നല്ലതാണ്. പ്രമേഹമുള്ളവർ സാലഡ് ഉറപ്പായും ഉൾപ്പെടുത്തുക. പച്ച ഇലക്കറികൾ കൂടി ഉൾപ്പെടുത്തുന്നത് ഏറ്റവും ഉചിതം. പല നിറത്തിലുള്ള പച്ചക്കറികൾ കഴിക്കുക. അതിലൂടെ എല്ലാ വിറ്റാമിനുകളും ലഭിക്കും. ഓരോ നിറത്തിലുള്ള പച്ചക്കറികളിലും ഓരോ വൈറ്റമിനുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group