സോഷ്യല്‍ മീഡിയയിലെ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ അഭിമുഖങ്ങളെല്ലാം വൻ ഹിറ്റാണ്. ഇപ്പോള്‍ ‘നൻപകല്‍ നേരത്ത് മയക്കം’ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയെ കാണാനെത്തിയപ്പോള്‍ ഉണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വര്‍ഷം 34 സിനിമ ചെയ്ത തന്റെ റെക്കോര്‍ഡ് നീ തകര്‍ക്കുമോ എന്ന് മമ്മൂട്ടി ചോദിച്ചെന്നാണ് ധ്യാൻ പറഞ്ഞത്.
ഞാൻ ജയിലര്‍ ഷൂട്ട് ചെയ്യുമ്ബോള്‍, അപ്പുറത്ത് നൻപകല്‍ നേരത്തു മയക്കത്തിന്റെ ചിത്രീകരണം നടക്കുകയാണ്. കുറച്ചുദിവസമായി മമ്മൂട്ടി അങ്കിള്‍ അപ്പുറത്ത് റൂമില്‍ ഉണ്ട് എന്നറിയാം. പക്ഷേ ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണല്ലോ, എനിക്ക് അദ്ദേഹത്തെ കാണാൻ സമയം കിട്ടുന്നില്ല. അവൻ അപ്പുറത്ത് ഉണ്ടായിട്ടും ഇത്രയും ദിവസമായി എന്നെ കാണാൻ വന്നില്ലല്ലോ എന്ന് വിചാരിക്കുന്നുണ്ടാകുമെന്ന് കരുതുന്നുണ്ടാകും. അവര്‍ 28 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞു പോയി, ഞാൻ 42 ദിവസത്തെ ചിത്രീകരണവുമായി വലിയ തിരക്കിലാണ്. ഒരു ദിവസം രാത്രി എന്നെ നിര്‍മാതാവ് ആന്റോ ചേട്ടൻ മമ്മൂട്ടി അങ്കിളിന്റെ അടുത്ത് വിളിച്ചു കൊണ്ടുപോയി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലനിന്നു പോകുന്നതിന്റെ കാരണക്കാരൻ ആയ വ്യക്തിയെ ദാ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. എന്നോട് മമ്മൂട്ടി അങ്കിള്‍ ചോദിച്ചു, ”ഈ വര്‍ഷം എത്ര സിനിമയായി?”. ഞാൻ പറഞ്ഞു ഒരു 8 എണ്ണം ആയി. അദ്ദേഹം പറഞ്ഞു, ”84ലോ 86ലോ മറ്റോ എനിക്കൊരു റെക്കോര്‍ഡ് ഉണ്ടായിരുന്നു, 34 പടം അഭിനയിച്ചതിന്റെ, ആ റെക്കോര്‍ഡ് നീ ബ്രേക്ക് ചെയ്യുമോ?”. ”ഞാൻ ശ്രമിക്കുന്നുണ്ട്. ഐ വില്‍ ട്രൈ മൈ ബെസ്റ്റ്” എന്നായിരുന്നു എന്റെ മറുപടി.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
കൊറോണ കമ്മിറ്റ്മെന്റ്സായാണ് താൻ സിനിമ ചെയ്യുന്നത് എന്നാണ് ധ്യാൻ പറയുന്നത്. കൊറോണയുടെ സമയത്ത് എനിക്ക് കുറച്ച് ആകുലതകള്‍ ഉണ്ടായിരുന്നു. ഇനി സിനിമ ഉണ്ടാകില്ലേ എന്നു വരെ ചിന്തിച്ചു. ആ സമയത്ത് ഞാൻ കുറേ സിനിമകളില്‍ കരാര്‍ ഒപ്പിട്ടു. ആ കമ്മിറ്റ്മെന്റ്സ് ആണ് ഇപ്പോഴും ഞാൻ തീര്‍ത്തുകൊണ്ടിരിക്കുന്നത്. എന്നെ പരിചയമുള്ളവരും എന്നില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നവരുടേതുമായ സിനിമകളാണത്. മിക്കതും തുടക്കക്കാരുടെ സിനിമകളാണ്. – ധ്യാൻ പറഞ്ഞു. പുതിയ സിനിമ ‘നദികളില്‍ സുന്ദരി യമുനയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധ്യാൻ. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അജു വര്‍ഗീസും എത്തുന്നുണ്ട്.