ബംഗളൂരു: മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയെ ലൈംഗികാതിക്രമക്കേസില്‍ കുടുക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പണം വാഗ്ദാനം ചെയ്തതായി ബി.ജെ.പി നേതാവിന്റെ ആരോപണം. കുമാരസ്വാമിയെ കുടുക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്താനും ശിവകുമാർ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ജി. ദേവരാജ ഗൗഡയുടെ ആരോപണം. മുൻകൂറായി അഞ്ച് കോടി രൂപ ശിവകുമാർ അയച്ചു.
വാഗ്ദാനം നിരസിച്ചതിനു പിന്നാലെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്നും ദേവരാജ മാധ്യമങ്ങളോട് പറഞ്ഞു. കുമാരസ്വാമിയുടെ അന്തരവനായ പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ കുമാരസ്വാമിയാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു.
എല്ലാത്തിനും പിന്നില്‍ ശിവകുമാർ ആണ്. ശിവകുമാറിന് പെൻഡ്രൈവ് കിട്ടിയത് പ്രജ്വല്‍ രേവണ്ണയുടെ ഡ്രൈവർ കാർത്തിക് ഗൗഡയില്‍ നിന്നാണ്. ശിവകുമാർ സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകള്‍ കൈവശമുണ്ട്. അത് പുറത്തുവിട്ടാല്‍ കർണാടകയിലെ കോണ്‍ഗ്രസ് സർക്കാർ തകരും. എല്ലാം മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണ്. നരേന്ദ്രമോദിയുടെ പേര് അപകീർത്തിപ്പെടുത്താൻ കൂടിയാണ് അവർ ഇങ്ങനെയൊക്കെ ചെയ്തത്. ഒപ്പം കുമാരസ്വാമിയെ തകർക്കാനും ലക്ഷ്യമിട്ടുവെന്നും ദേവരാജ ആരോപിച്ചു. പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലാണ് ദേവരാജയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.