ബംഗളൂരു: ഏപ്രില്‍ മുതല്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നത് കൂടിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാൻ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി. 257 മുതല്‍ 315 വരെ കേസുകളാണ് മാർച്ച് വരെ ഓരോ മാസവും റിപ്പോർട്ട് ചെയ്തിരുന്നതെങ്കില്‍ ഏപ്രിലില്‍ അത് 570 ആയി ഉയർന്നു. ഈ മാസം ഇതുവരെയായി 360 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താപനിലയില്‍ പെട്ടെന്നുണ്ടായ മാറ്റത്തോടെ കേസുകള്‍ വർധിച്ചുവെന്നും ഇത് സാധാരണയാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. മഴയാരംഭിച്ചതോടെ കേസുകള്‍ വർധിക്കാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുക. മഹാദേവപുര ഈസ്റ്റ്, സൗത്ത് സോണുകളിലാണ് കൂടുതല്‍ കേസുകള്‍.