ബംഗളൂരു: നമ്മ മെട്രോ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേക കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലുള്ള ഒരു കോച്ചിന്റെ സ്ഥാനത്ത് രണ്ടെങ്കിലും എന്നതാണ് ആവശ്യം.
മൊത്തം ആറ് കോച്ചുകളാണ് മെട്രോയിലുള്ളത്. യാത്രക്കാരികള്‍ നേരിടുന്ന ലൈംഗിക ശല്യങ്ങള് കാരണമാണിത്. തിരക്കേറിയ സമയങ്ങളില്‍ ഏല്‍ക്കേണ്ടി വരുന്ന ശല്യം സംബന്ധിച്ച് യാത്രക്കാരികളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്ന് വനിത കമീഷൻ ഇടപെട്ടു.
പ്രശ്നം സർക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കമീഷൻ ചെയർപേഴ്സൻ അറിയിച്ചു. തിരക്കുള്ള വേളകളില്‍ മെട്രോയില്‍ സഞ്ചരിച്ച് ശല്യക്കാരെ നിരീക്ഷിക്കാൻ ഒരുങ്ങുകയാണ് ചെയർപേഴ്സനും കമീഷൻ അംഗങ്ങളും. കഴിഞ്ഞ ജനുവരിയില്‍ മെട്രോ യാത്രക്കാരിയെ പുരുഷൻ ലൈംഗികമായി ശല്യപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആ സംഭവത്തില്‍ മെട്രോ അധികൃതർ നിയമപരമായി നീങ്ങുകയും കുറ്റവാളിയില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അതിക്രമങ്ങള്‍ കൂടിവരുന്നുണ്ടെങ്കിലും പല കാരണങ്ങളാല്‍ ഇരകള്‍ പരാതിപ്പെടാൻ മടിക്കുകയാണ്.