ബെംഗളൂരു: നഗരത്തിലെ ഫ്ലാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ചന്ദാപുരയിലെ ഫ്ലാറ്റിലാണ് പുഴുവരിച്ചു തുടങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു.
ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുൻപു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ അഴുകിയനിലയിലായതിനാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടർന്നു വീട്ടുടമ ഫ്ലാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
സോഫ്റ്റ്‍വെയർ എൻജിനീയറായ സംഗേത് ഗുപ്തയുഡി ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇവർ താഴെയാണു താമസം. ബാക്കി ഫ്ലാറ്റുകള്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഒഡീഷ സ്വദേശിയായ സഫാന്‍ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപു ഫ്‌ളാറ്റ് വാടകയ്‌ക്ക് എടുക്കുമ്ബോള്‍ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സില്‍ താഴെയുള്ള ഒരാള്‍ വന്നിരുന്നു. ഇയാളെയും സഫാനെയും പൊലീസ് തിരയുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് 9800 രൂപയ്ക്ക് സഫാന്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ഇയാളെ ഫ്‌ളാറ്റില്‍ കണ്ടില്ല. പിന്നീട് ജനുവരി പത്താം തീയതി ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും വാടക നല്‍കി മടങ്ങുകയും ചെയ്തു. ഭാര്യ നാട്ടിലാണെന്നും ഇവരെ ഉടന്‍തന്നെ കൂട്ടിക്കൊണ്ടുവരണമെന്നുമാണ് ഇയാള്‍ ഫ്‌ളാറ്റുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍, ഫെബ്രുവരി 28-ന് ഒരു യുവതിയും 40 വയസ്സ് പ്രായം തോന്നിക്കുന്നയാളും സഫാന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലെത്തി.
ഇതോടെ ഫ്‌ളാറ്റുടമ സഫാനെ വിളിച്ച് കാര്യം തിരക്കി. ഫ്‌ളാറ്റിലുള്ളത് തനിക്ക് പരിചയമുള്ളവരാണെന്നും ഇവര്‍ അച്ഛനും മകളുമാണെന്നും മൂന്നുദിവസത്തിന് ശേഷം മടങ്ങുമെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍, മാര്‍ച്ച് പത്താം തീയതി വീട്ടുടമ ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ തുറന്നനിലയിലായിരുന്നു. പുതപ്പിട്ട് മൂടിയനിലയില്‍ യുവതി നിലത്തുകിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. പിറ്റേദിവസം രാവിലെ പരിശോധിച്ചപ്പോഴും യുവതി അതുപോലെ കിടക്കുന്നതാണ് കണ്ടത്.
ഇതോടെ സംശയം തോന്നിയ വീട്ടുടമ അകത്തുകയറി പുതപ്പ് നീക്കിയതോടെയാണ് യുവതി മരിച്ചതായും മൃതദേഹം അഴുകിയനിലയിലാണെന്നും വ്യക്തമായത്. ദിവസങ്ങളോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തില്‍ പുഴുവരിച്ചനിലയിലായിരുന്നുവെന്നും വീട്ടുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.