ബെംഗളൂരു: പ്രാഥമികവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിഷ്കാരമാകുമെന്ന് പ്രതീക്ഷിച്ച ‘കളിച്ചുകൊണ്ട് പഠനം’ പദ്ധതി (നലി കലി പദ്ധതി) ഉപേക്ഷിക്കുന്നു. ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, വിദ്യാർഥികളുടെ പഠനനിലവാരം മോശമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത് ഉപേക്ഷിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ചിരുത്തി കളികളും പരിശീലനപരിപാടികളുമായി പഠനം നടത്തുന്ന രീതിയായിരുന്നു നലി കലി പദ്ധതിയിൽ പിന്തുടർന്നിരുന്നത്. ഓരോ ക്ലാസിനും ഓരോ ക്ലാസ് മുറി എന്നതിനുപകരം മൂന്നുക്ലാസുകൾക്കുമായി ഒരു ക്ലാസ് മുറി നടപ്പാക്കുകയും ചെയ്തു.2009-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ, വിദ്യാർഥികൾ ശരിയായവിധത്തിൽ പഠിക്കുന്നില്ലെന്നാണ് കണ്ടെത്തൽ.പദ്ധതിനടത്തിപ്പിൽ മാറ്റംവേണമെന്ന് 2017 മുതൽ അഭിപ്രായം ഉയർന്നിരുന്നു. 2020-ൽ കഴിഞ്ഞസർക്കാർ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ തീരുമാനിച്ചപ്പോഴും പദ്ധതി പുനഃപരിശോധിക്കണമെന്ന് ശുപാർശചെയ്തിരുന്നു.ആദ്യഘട്ടത്തിൽ 29,000 സ്കൂളുകളിലാണ് പദ്ധതി നിർത്തുന്നത്. ഘട്ടംഘട്ടമായി ബാക്കി സ്കൂളുകളും പദ്ധതി അവസാനിപ്പിക്കും.