ബെംഗളൂരു: ഭർത്താവ് മെർക്കുറി കുത്തിവച്ചെന്ന് ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒമ്ബത് മാസമായി മരണത്തോട് മല്ലടിച്ച യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്.ബെംഗളൂരുവില്‍ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ ജീവിച്ചിരുന്ന വിദ്യയാണ് മരിച്ചത്. ഗുരുതരാവസ്ഥയിലാകുന്നതിന് മുമ്ബ് യുവതി മരണമൊഴി നല്‍കിയിരുന്നു. തുടർന്ന് നവംബർ 23 ന് ആട്ടിബെലെ പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.വിവാഹത്തിന് പിന്നാലെ തന്നെ ഭർത്താവ് ബസവരാജില്‍ നിന്നും പീഡനവും ഭർതൃ വീട്ടുകാരില്‍ നിന്ന് അപമാനവും അവഗണനയും നേരിടേണ്ടി വന്നിരുന്നുവെന്ന് വിദ്യ മൊഴി നല്‍കിയിരുന്നു. ഭർത്താവ് തന്നെ എപ്പോഴും ഭ്രാന്തി എന്ന് വിളിക്കുകയും വീടിനുള്ളില്‍ പൂട്ടിയിടുകയും ബന്ധുവീടുകളിലേക്ക് കൊണ്ടുപോകാൻ വിസമ്മതിക്കുകയും പതിവായി അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി വിദ്യ മൊഴി നല്‍കി.
ഫെബ്രുവരി 26ന് രാത്രി ഉറങ്ങാൻ കിടന്ന തനിക്ക് അടുത്ത ദിവസം വൈകുന്നേരം മാത്രമാണ് ബോധം വന്നതെന്ന് വിദ്യ പറഞ്ഞു. വലത് കാലില്‍ ശക്തമായ വേദന അനുഭവപ്പെട്ടു. ആരോ കുത്തിവെച്ചതുപോലെ തോന്നി. ആരോഗ്യ നില വഷളായതിനെ തുടർന്ന് മാർച്ച് 7 ന് ആട്ടിബെലെ സർക്കാർ ആശുപത്രിയില്‍ പോയി. അവിടെ നിന്ന് ഓക്സ്ഫോർഡ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.ശരീരത്തില്‍ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിഓക്സ്ഫോർഡ് ആശുപത്രിയിലെ ഡോക്ടർമാർ പരിശോധനകള്‍ നടത്തിയപ്പോള്‍ വിദ്യയുടെ ശരീരത്തില്‍ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിലേറെയായി അവിടെ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. വിഷം വൃക്കകള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങളെ തകരാറിലാക്കി ശരീരം മുഴുവൻ വ്യാപിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഡയാലിസിസ് നടത്തിയിട്ടും നില ഗുരുതരമായി തുടർന്നു. തന്നെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ഭർത്താവും അമ്മായിയച്ഛനും ചേർന്നാണ് ശരീരത്തില്‍ മെർക്കുറി കുത്തിവച്ചതെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കി. തുടർച്ചയായ ഒൻപത് മാസത്തെ ചികിത്സകള്‍ക്കൊടുവിലാണ് മരണം.