ഹൈദരാബാദില്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടി. ഹൈദരാബാദ് ആര്‍.ടി.സി ക്രോസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാവാര്‍ച്ചി ബിരിയാണി എന്ന ഹോട്ടലില്‍ നിന്നാണ് ചത്ത പല്ലിയെ കിട്ടിയത്.
ആംബര്‍പേട്ട് സ്വദേശിയും ഡിഡി കോളനിയിലെ താമസക്കാരനുമായ വിശ്വ ആദിത്യ എന്ന യുവാവ് പങ്കുവച്ച വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതോടെയാണ് ഇത്തരത്തിലുള്ള സംഭവം ഈ ഹോട്ടലില്‍ ആദ്യമായല്ലെന്ന് മനസിലാകുന്നത്. മുൻപും ഇതേ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയിട്ടുണ്ട്.
ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴിയാണ് വിശ്വ ആദിത്യ ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. സംഭവത്തെ കുറിച്ച് ഫോട്ടോ സഹിതം ആദിത്യ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ പരാതി നല്‍കിയിരുന്നു. വിഡിയോ എക്സില്‍ പങ്കുവച്ചതിന് പിന്നാലെ പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കുന്നെന്നും പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോം ട്വീറ്റ് ചെയ്തിരുന്നു.
ഇതിനുപുറമെ ഹോട്ടലിലും പരാതിപ്പെട്ടിരുന്നു. എന്നാലും ഹോട്ടല്‍ ഉടമകളുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് വിശ്വ ആദിത്യ കുടുംബത്തോടൊപ്പം ഹോട്ടലിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്‌തു. മുൻപും ഹോട്ടലില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയതിന് മുനിസിപ്പാലിറ്റി പരിശോധന നടത്തിയിട്ടുണ്ട്.