ബെംഗളൂരു: ബിസിനസ്സുകാരനായ അച്ഛന്റെ മരണത്തില്‍ അമ്മയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മകള്‍. കർണാടകയിലെ ബെല്‍ഗാവി സ്വദേശിയായ സന്തോഷ് പഡമന്നവറിന്റെ(47) മരണത്തിലാണ് അമ്മയേയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് മകള്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.ഒക്ടോബർ ഒമ്ബതിനാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സന്തോഷ് മരിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഭാര്യ ഉമ പറഞ്ഞത്. എന്നാല്‍ അച്ഛന്റേത് സ്വാഭാവിക മരണമല്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പതിനെട്ടുകാരിയായ മകള്‍ സഞ്ജന പരാതി നല്‍കിയത്.
ബെംഗളൂരുവില്‍ പഠിക്കുന്ന സഞ്ജന അച്ഛന്റെ മരണവാർത്ത അറിഞ്ഞതോടെയാണ് നാട്ടിലെത്തിയത്. അച്ഛൻ ഹൃദയാഘാതത്താല്‍ മരിച്ചതാണെന്ന് വിശ്വസിക്കുന്നില്ലെന്നും നാല്പത്തിയൊന്നുകാരിയായ അമ്മയെയും അവരുടെ മുപ്പതുകാരനായ സുഹൃത്ത് ഷോഭിത് ഗൗഡയേയും വീട്ടിലെ രണ്ട് ജോലിക്കാരേയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് മകളുടെ ആവശ്യം. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ശ്രാവണ്‍ കുമാറിന്റെ അനുമതിയോടെ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പോലീസ് കമ്മീഷണർ മാർട്ടിൻ മാർബനിയാങ് വ്യക്തമാക്കി. ആഞ്ജനേയ നഗറില്‍ ഭാര്യക്കും ആണ്മക്കള്ക്കുമൊപ്പം മൂന്നുനില വീട്ടിലാണ് സന്തോഷും കഴിഞ്ഞിരുന്നത്. ഒക്ടോബർ ഒമ്ബത് രാത്രിയില്‍ ഹൃദയാഘാതത്താല്‍ സന്തോഷ് മരിച്ചുവെന്നാണ് ഉമ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചത്. നിരവധി സി.സി. ടി.വികള്‍ വീട്ടില്‍ ഘടിപ്പിച്ചിരുന്നു.
അച്ഛന്റെ അവസാനദൃശ്യങ്ങള്‍ കാണണമെന്ന് മകള്‍ അറിയിച്ചപ്പോള്‍ അമ്മ നിരസിച്ചതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്. സി.സി. ടി.വി ദൃശ്യത്തില്‍ നിന്ന് ചിലഭാഗങ്ങള്‍ അമ്മ ഡിലീറ്റ് ചെയ്തെന്ന് സംശയിക്കുന്നതായും മകള്‍ അറിയിച്ചു. ഉമയുടെ സൗഹൃദം സംബന്ധിച്ച് സന്തോഷ് അനിഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്. സന്തോഷിന് അമിതമായ അളവില്‍ ഉറക്കഗുളിക കൊടുത്തതാണ് മരണകാരണമായതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സന്തോഷിന്റെ വീട്ടില്‍ നിന്നുള്ള സി.സി. ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും സാധ്യമാകാതിരുന്നതിനാല്‍ അയല്‍വാസികളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സന്തോഷ് മരണപ്പെട്ട ദിവസം രാത്രി രണ്ടുപേർ വീട്ടില്‍ നിന്ന് പോകുന്നതായി ദൃശ്യങ്ങളില്‍ കണ്ടുവെന്ന് പോലീസ് പറയുന്നു.