ബെംഗളുരുവില്‍ അമ്മയുടെ കൊലപാതകത്തില്‍ മകള്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്ക്. മരിച്ച സ്ത്രീയുടെ സഹോദരി വെള്ളിയാഴ്ച ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വെളിയില്‍ വരുന്നത്.കേസില്‍ മകളും 4 ആണ്‍സുഹൃത്തുക്കളുമാണ് പൊലീസിൻ്റെ പിടിയിലായത്. പിടിയിലായ അഞ്ചുപേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയില്‍ താമസിക്കുന്ന 34 കാരിയായ നേത്രാവതിയാണ് കൊല്ലപ്പെട്ടത്.മകളും ആണ്‍സുഹൃത്തുമായുള്ള ബന്ധം അമ്മ വിലക്കിയിരുന്നു.
ഈ വിരോധത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ മകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്.പ്രതികളെല്ലാം 16 നും 17 നും ഇടയില്‍ പ്രായമുള്ള പ്രായപൂർത്തിയാകാത്തവരാണ്, എല്ലാവരും സ്കൂള്‍ പഠനം ഉപേക്ഷിച്ചവരാണ്.
മരിച്ച സ്ത്രീ നേത്രാവതി വി നെസ്റ്റ് ലോണ്‍ റിക്കവറി കമ്ബനിയില്‍ സഹായിയായി ജോലി ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) ഉം 3(5) ഉം ചേർത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 25 ന് രാത്രി 10.30 നും ഒക്ടോബർ 27 ന് ഉച്ചയ്ക്ക് 12 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 30 ന് രാത്രിയിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്
 
