ധർമസ്ഥലയിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയുടെ ചിത്രങ്ങള്‍ പുറത്ത്.തെറ്റായ പരാതിയും തെളിവുകളും നല്‍കിയെന്ന് ആരോപിച്ച് അന്വേഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇയാളുടെ ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വരെ സാക്ഷിയെന്ന പരിരക്ഷയുണ്ടായിരുന്നതിനാല്‍ മുഖംമറച്ചാണ് ഇയാളെ അന്വേഷണസംഘം തെളിവെടുപ്പിന് എത്തിച്ചിരുന്നത്.ഇയാളുടെ പേര് സി.എൻ ചിന്നയ്യ എന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്.
കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ചിക്കാബെല്ലി സ്വദേശിയാണ് ഇയാളെന്നും സ്‌കൂള്‍ സർട്ടിഫിക്കറ്റിലെ വിവരപ്രകാരം ഇയാള്‍ക്ക് നിലവില്‍ 45 വയസ്സ് പ്രായമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.വെള്ളിയാഴ്ച രാത്രി നടത്തിയ നീണ്ട ചൊദ്യം ചെയ്യലിനൊടുവിലാണ് ധർമസ്ഥലയിലെ ദുരുഹമരണങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഹാജരാക്കിയ തലയോട്ടി ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വ്യാജ പരാതി നല്‍കല്‍, അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ അറസ്റ്റിന് സാധ്യത? പേരുകള്‍ വെളിപ്പെടുത്തിയതായി റിപ്പോർട്ട്
ധർമസ്ഥലയില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ശുചീകരണത്തൊഴിലാളിക്ക് പുറമേ കൂടുതല്‍പേർ അറസ്റ്റിലായേക്കുമെന്നാണ് സൂചന. എസ്‌ഐടി നടത്തിയ ചോദ്യംചെയ്യലില്‍ ശുചീകരണത്തൊഴിലാളിതന്നെ ചിലരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോർട്ട്. തനിക്ക് തലയോട്ടി അടക്കമുള്ള വ്യാജതെളിവുകള്‍ കൈമാറിയവരുടെ വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന
.അതിനിടെ, ധർമസ്ഥലയില്‍ മകളെ കാണാതായെന്ന് ആരോപിച്ചിരുന്ന സുജാത ഭട്ട് എന്ന സ്ത്രീ തന്റെ ആരോപണം കള്ളമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. മെഡിക്കല്‍ വിദ്യാർഥിനിയായ അനന്യഭട്ട് എന്ന തന്റെ മകളെ 2003-ല്‍ ധർമസ്ഥല സന്ദർശനത്തിനിടെ കാണാതായെന്നായിരുന്നു ഇവരുടെ നേരത്തെയുള്ള ആരോപണം. എന്നാല്‍, തനിക്ക് അങ്ങനെയുള്ള ഒരു മകളില്ലെന്നായിരുന്നു സുജാത ഭട്ട് കഴിഞ്ഞദിവസം ഒരു യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തിയത്. ചിലരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരം തെറ്റായ പ്രസ്താവനകള്‍ നടത്തേണ്ടിവന്നതെന്നും സുജാത ഭട്ട് പറഞ്ഞിരുന്നു.
സംഭവത്തില്‍ സുജാത ഭട്ടിന്റെ പുതിയ മൊഴികള്‍ എസ്‌ഐടി ഉടൻതന്നെ രേഖപ്പെടുത്തുമെന്നാണ് വിവരം. ഇവരുടെ വീടിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസുകാരെ ഉള്‍പ്പെടെ വീടിന് മുന്നില്‍ വിന്യസിക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പുവരുത്തുകയുംചെയ്തിട്ടുണ്ട്.ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങളുന്നയിച്ച പലരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതിനിടെ, യൂട്യൂബറായ സമീർ എന്നയാളെ എസ്‌ഐടി ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ധർമസ്ഥല സ്റ്റേഷനിലോ ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനിലോ ഇന്ന് ഹാജരാകാനാണ് ഇയാള്‍ക്ക് നല്‍കിയ നിർദേശം. ധർമസ്ഥലയുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്തിരുന്ന അപകീർത്തിക്കേസിലെ പ്രതിയാണ് സമീർ. അതേസമയം, നിലവിലെ സാഹചര്യത്തില്‍ സമീർ പോലീസ് സുരക്ഷതേടുകയും പോലീസ് ഇത് ഉറപ്പുനല്‍കിയതായും റിപ്പോർട്ടുകളില്‍ പറയുന്നു. ആക്ടിവിസ്റ്റായ ഗിരീഷ് മദ്ദണനാവറിനെയും എസ്‌ഐടി ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു.