ബെംഗളൂരു: കർണാടകയില്‍ സമാധാന യോഗത്തിനിടെ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ചാംരാജ്‌നഗർ ജില്ലയില്‍ ഗുണ്ട്‌ലുപേട്ട് താലൂക്കിലെ വീരനാപുര ഗ്രാമത്തിലാണ് സംഭവം.യോഗത്തിനിടെ യുവാക്കള്‍ വധഭീഷണി മുഴക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തു. ഗ്രാമത്തിലെ വീരഭദ്രേശ്വര, സിദ്ധപ്പാജി, മാരാമ ക്ഷേത്രങ്ങളില്‍ ദളിതർക്ക് പ്രവേശം നികേഷിച്ചതിനെ തുടർന്നാണ് യോഗം വിളിച്ചത്.വീരനപുര നിവാസിയായ ശിവകുമാർ നല്‍കിയ പരാതിയെ തുടർന്നാണ് യോഗം കൂടിയത്. ക്ഷേത്ര സ്വത്ത് ഒരു സമുദായത്തില്‍പ്പെട്ടവർ മാത്രം നിയന്ത്രിക്കുകയാണെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നും ശിവകുമാർ ആരോപിച്ചിരുന്നു. ഇതേതുടർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് ശിവകുമാറിന്റെ പരാതിയില്‍ പറഞ്ഞു.ജാതി അധിക്ഷേപം, ക്രിമിനല്‍ ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ചർച്ച നടക്കുന്നതിനിടെ നിരവധി ഗ്രാമവാസികള്‍ പൊലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പരാതി വ്യാജമാണെന്നും നീതി ലഭിച്ചില്ലെങ്കില്‍ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസ് ഉപരോധിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി ചർച്ച ആരംഭിച്ചു.ഈ വർഷം മേയില്‍ കർണാടകയിലെ കാവനദല ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ ഒരു ദളിത് പുരുഷന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സമൂഹ മാധ്യമത്തില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു. മെയ് 11 ന് ജില്ലാ ഉദ്യോഗസ്ഥർ അക്രമികളുമായി സമാധാന ചർച്ചകള്‍ നടത്തിയ ശേഷം ഇരയെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 25 വയസ്സുള്ള സ്വാമിനാഥിന്റെ പ്രവേശനം വിലക്കിയ വൊക്കലിംഗ സമുദായത്തിലെ അംഗങ്ങള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.