ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലിപുരത്തേക്ക് അടുക്കുന്നതിൻ്റെ ഫലമായി ബെംഗളൂരുവിലും കാലാവസ്ഥയിൽ മാറ്റം. ശനിയാഴ്ച രാവിലെ മുതൽ നഗരത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇടയ്ക്കിടെ ചാറ്റൽമഴയും പെയ്യുന്നുണ്ട്. അടുത്ത രണ്ടുദിവസം ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസത്തേക്ക് സൗത്ത് ഇന്റ്റീരിയർ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു, കോലാർ, ചിക്കബെല്ലാപുര, രാമനഗര, ചാമരാജനഗർ എന്നീ ജില്ലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.
ഈ ജില്ലകളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ ഞായറാഴ്ച ശരാശരി താപനില 20.6 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടിയ താപനില 24.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.9 ഡിഗ്രി സെൽഷ്യസും ആകുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് രൂപംകൊണ്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് മഹാബലിപുരത്തിനും കാരക്കലിനും ഇടയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡി. പുവിയരസൻ പറഞ്ഞു. തീരത്തേക്ക് അടുക്കുമ്പോൾ ചുഴലിക്കാറ്റ് ദുർബലമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ദുർബലമാകുന്നതിനാൽ ചുഴലിക്കാറ്റിന്റെ പ്രത്യാഘാതം ചെറുതായിരിക്കുമെന്നാണ് വിലയിരുത്തൽ. ഉത്തര കന്നഡ, ചിക്കമഗളൂരു, ചാമരാജനഗർ, ഉഡുപ്പി, ബെലഗാവി, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, ശിവമോഗ എന്നീ ജില്ലകളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.