സ്റ്റോക്ക് മാർക്കറ്റിൽ പണംനിക്ഷേപിച്ചാൽ വൻലാഭം നൽകാമെന്ന് വാഗ്ദാനംചെയ്തത് തിരുവല്ല സ്വദേശിയിൽനിന്ന് 1.57 കോടി രൂപ തട്ടിയ കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിലായി.കോഴിക്കോട് ഫറോക്ക് ചുങ്കം പുത്തൻവീട്ടിൽ സഫർ ഇക്ബാലി (29)നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഒരു സംഘം യുവാക്കൾ താമസിക്കുന്ന വീട്ടിൽനിന്നാണ്, സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.കേസിലെ ഒരു പ്രതിയെ നേരത്തെ കോഴിക്കോട്ടുനിന്ന് പിടികൂടിയിരുന്നു.
മറ്റ് പ്രതികൾ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.എസ്ഐമാരായ കെ.ആർ. അരുൺകുമാർ, വി.ഡി. രാജേഷ്, എഎസ്ഐ സി.ആർ. ശ്രീകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പത്തനംതിട്ടയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരേ വിദ്യാര്‍ഥിനിയുടെ വ്യാജ പരാതി
ഛത്തീസ്ഗഡില്‍ നഴ്സിംഗ് കോളജ് പ്രിൻസിപ്പലായ മലയാളി കന്യാസ്ത്രീക്കുനേരെ പക തീർക്കാൻ വ്യാജ പരാതി നല്‍കി തദ്ദേശ വിദ്യാർഥിനി.കുൻകുരിയിലെ ഹോളിക്രോസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പല്‍ സിസ്റ്റർ ബിൻസി ജോസഫിനെതിരേയാണ് കോളജിലെ മൂന്നാംവർഷ ജനറല്‍ നഴ്സിംഗ് വിദ്യാർഥിനി ജില്ലാ കളക്‌ടർക്കും ജാഷ്പുർ എസ്‌എസ്പിക്കും പരാതി നല്‍കിയത്.മതപരിവർത്തനം നടത്താൻ പ്രിൻസിപ്പല്‍ തന്‍റെമേല്‍ സമ്മർദം ചെലുത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി.
എന്നാല്‍, ആരോപണം സിസ്റ്റർ ബിൻസി നിഷേധിച്ചു. മതിയായ ഹാജർ ഇല്ലാത്തതിനാല്‍ മാതാപിതാക്കളോടു കോളജില്‍ എത്താൻ ആവശ്യപ്പെട്ടതാണ് വിദ്യാർഥിനിയുടെ പരാതിക്കു കാരണമെന്ന് സംശയിക്കുന്നതായി സിസ്റ്റർ പറഞ്ഞു.കഴിഞ്ഞ ജനുവരി മുതല്‍ വിദ്യാർഥിനി കോഴ്സിന്‍റെ ഭാഗമായുള്ള ആശുപത്രിഡ്യൂട്ടിക്ക് എത്തിയിട്ടില്ല. പ്രാക്‌ടിക്കല്‍ അസസ്മെന്‍റുകളില്‍നിന്ന് ഒഴിവാകുകയും ചെയ്തു. അധ്യാപകർ ഇക്കാര്യം അറിയിച്ചതിനെത്തുടർന്നാണ് മാതാപിതാക്കളെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്.ഇന്ത്യൻ നഴ്സിംഗ് കൗണ്‍സിലിന്‍റെ മാനദണ്ഡപ്രകാരം തിയറിക്കും പ്രാക്‌ടിക്കലിനും 80 ശതമാനം ഹാജർ നിർബന്ധമാണ്.
വിദ്യാർഥിനിക്ക് പ്രാക്‌ടിക്കലിന് 32 ശതമാനം ഹാജർ മാത്രമേയുള്ളൂ. എങ്കിലും അവസാനവർഷ പരീക്ഷയെഴുതാൻ വിദ്യാർഥിനിക്ക് അവസരം നല്‍കി.എന്നാല്‍, ആശുപത്രി ഡ്യൂട്ടിയടക്കമുള്ള അവസാനവർഷ നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ നഴ്സിംഗ് കൗണ്‍സിലിന്‍റെ മാനദണ്ഡപ്രകാരം കുട്ടിയുടെ കംപ്ലീഷൻ രേഖകളില്‍ ഒപ്പിട്ടു നല്‍കാനായില്ല. ഇതാണു കുട്ടിയുടെ പരാതിക്കു പിന്നിലെന്ന്സിസ്റ്റർ ബിൻസി പറഞ്ഞു.