സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ പോലീസില്‍ പരാതിയുമായി ബാലതാരം ദേവനന്ദയും കുടുംബവും. ദേവനന്ദയുടെ അച്ഛൻ ജിബിനാണ് സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ എറണാകുളം സൈബർ പോലീസില്‍ പരാതി നല്‍കിയത്.
ദേവനന്ദ അഭിനയിച്ച ‘ഗു’ എന്ന സിനിമയുടെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിക്കുകയും ചിലർ മോശം പരാമർശം നടത്തി എന്നും പരാതിയില്‍ അദ്ദേഹം പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുന്ന വിവരം എന്റെ പ്രിയപ്പെട്ട എല്ലാവരെയും അറിയിക്കുന്നു എന്നാണ് ദേവനന്ദ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികള്‍ എന്റെ മോളുടെ ഏറ്റവും പുതിയ സിനിമയായ ‘ഗു’ വിന്റെ പ്രമോഷന്റെ ഭാഗമായി വീട്ടില്‍ വച്ച് ഒരു ചാനലിന് മാത്രമായി കൊടുത്ത അഭിമുഖത്തില്‍ നിന്ന് തങ്ങളുടെ അനുവാദമില്ലാതെ സമൂഹമാധ്യമത്തില്‍ മകളെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ അഭിമുഖത്തില്‍ നിന്ന് ഒരു ഭാഗം മാത്രം ഡൗണ്‍ലോഡ് ചെയ്ത് സ്വന്തം വീഡിയോ കൂടി ചേർത്ത് പ്രചരിപ്പിച്ചുവെന്നും 10 വയസ്സുള്ള തന്റെ മകള്‍ക്ക് ഈ പ്രവർത്തി മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും സമൂഹമധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്തു എന്നും ദേവനന്ദയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോകള്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യിക്കാനും വ്യക്തികളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു കൊണ്ടാണ് ദേവനന്ദയുടെ പിതാവ് സൈബർ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇരുപതിലധികം സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് ദേവനന്ദ.
അടുത്തിടെ പുറത്തിറങ്ങി തീയറ്ററുകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ‘അരണ്‍മനൈ 4’ എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ വേഷമിട്ടിട്ടുണ്ട്. ഹൊറർ ചിത്രമായി മണിയൻപിള്ള രാജു നിർമ്മിച്ചിരിക്കുന്ന ‘ഗു’ എന്ന ചിത്രമാണ് ദേവനന്ദയുടെ പുതിയ റിലീസ്.