Home Featured നാല് പേര്‍ മരിച്ചത് ശ്വാസം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നാല് പേര്‍ മരിച്ചത് ശ്വാസം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

by admin

കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പെണ്‍കുട്ടികളുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 38 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന‌ത്. ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റവരുടെ വിദ്യാര്‍ത്ഥികളുടെ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് സിൻഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കി. സംഭവത്തില്‍ വൈസ് ചാൻസലര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കുട്ടികളെ പരിപാടിയിലേക്ക് കയറ്റുന്നതില്‍ വീഴ്ചയുണ്ടായതായി വിസി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക വിദഗ്ധരടങ്ങുന്ന മൂന്നംഗ സമിതിയാകും സംഭവം അന്വേഷിക്കുകയെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

നവംബര്‍ 24, 25, 26 തീയതികളിലായാണ് കുസാറ്റില്‍ ടെക്നിക്കല്‍ ഫെസ്റ്റില്‍ എക്സിബിഷൻ, ടെക്നിക്കല്‍ ടോക്സ്, എക്സ്പേര്‍ട്ട് ലക്ചേഴ്സ് എന്നിവ നടന്നത്. സമീപ കോളേജുകളിലെ വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സമാപന ദിനമായ ഇന്നലെ ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നല്‍കുന്ന മ്യൂസിക് പ്രോഗ്രാം നടത്തുന്ന സമയത്താണ് അപകടം ഉണ്ടായത്. പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്ത് തടിച്ചു കൂടിയിരുന്നു. പരിപാടി തുടങ്ങാറായപ്പോള്‍ എല്ലാവരും അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ചു.

സംഗീത നിശ തുടങ്ങാറായപ്പോള്‍ മഴ ചാറുകയും എല്ലാവരും അകത്തേക്ക് തള്ളിക്കയറുകയും ചെയ്തു. ഈ സമയം സ്റ്റെപ്പില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ വീഴുകയും മറ്റുള്ളവര്‍ അവരുടെ മീതെ വീഴുകയും ചെയ്തു. ഈ വീഴ്ചയുടെ ഭാഗമായി കുട്ടികള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും നാല് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

അതേസമയം കുസാറ്റ് അപകടത്തിൽ ചികിത്സയിൽ കഴിയുന്ന 24 പേരെ ഡിസ്ചാർജ് ചെയ്യാനും തീരുമാനിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ഐസിയുവിൽ കഴിയുന്ന മൂന്നുപേരിൽ ഒരാളെയും മാറ്റും. ഇവരുടെയെല്ലാം ആരോഗ്യനിലയിൽ പുരോഗതി ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനം. 10 പേർ ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ മൃതദേഹം നാളെ ഉച്ചക്ക് ശേഷം പറവൂരിലെ വീട്ടിലെത്തിക്കും. മറ്റന്നാൾ (ചൊവ്വാഴ്ച ) രാവിലെ 11 മണി വരെ വീട്ടിൽ പൊതു ദർശനം നടത്തിയതിന് ശേഷം കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിൽ  സംസ്ക്കാരം നടത്തും. ആന്‍ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്.  കുട്ടിയുടെ അമ്മ ചൊവ്വാഴ്ച പുലർച്ച നാട്ടിലെത്തും. 

You may also like

error: Content is protected !!
Join Our WhatsApp Group