ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് മംഗളൂരു ബന്ദിന് വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്തിരിക്കുന്നത്.ദക്ഷിണ കന്നട ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.പി മുല്ലൈ മുഹിലന് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരോധനാജ്ഞവെള്ളിയാഴ്ച രാവിലെ ആറിന് പ്രാബല്യത്തില്‍ വന്നു. തിങ്കളാഴ്ച രാവിലെ ആറ് വരെ തുടരും.
പൊലിസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ മംഗളൂരു പൊലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറ് വരേ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. സിറ്റിയില്‍ പലയിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.ബജ്പെയില്‍ വെച്ചാണ് വി.എച്ച്.പി -ബജ്റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടി ഗുണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഫാസില്‍ കൊലക്കേസിലെ മുഖ്യപ്രതിയാണ് സുഹാസ് ഷെട്ടി. 2022 ജൂലൈയിലാണ് സൂറത്കലിലെ തുണിക്കടയില്‍ വെച്ച് സുഹാസ് ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് ഫാസിലിനെ വെട്ടിക്കൊന്നത്.
ഈ കേസില്‍ സുഹാസിന് ജാമ്യം ലഭിച്ചിരുന്നു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിനു തൊട്ടുപിന്നാലെയാണ് ഫാസില്‍ കൊല്ലപ്പെട്ടത്.പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പ്രതികാരമായി 2022 ജൂലൈ 28 ന് സൂറത്ത്കലില്‍ വെച്ചാണ് ഫാസില്‍ കൊല്ലപ്പെട്ടത്. ഈ കൊലപാതക കേസില്‍ സുഹാസ് ഷെട്ടിയെയും മറ്റ് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ബജ്റംഗ് ദളിന്റെ ഗോസംരക്ഷണ വിഭാഗത്തില്‍ മുമ്ബ് അംഗമായിരുന്ന സുഹാസ് ഷെട്ടിക്ക് ജയില്‍ മോചിതനായ ശേഷം യാതൊരു ഉത്തരവാദിത്തങ്ങളും നല്‍കിയിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ നഗരത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞു. കോഹിനൂർ, മേഴ്സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു. മംഗളൂരു യൂണിവേഴ്സിറ്റി കോളേജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്ബോഴാണ് അക്രമം. രാവിലെ യാത്രക്കാർ തീരെ കുറവായതിനാല്‍ ആളപായമില്ല. കല്ലേറിനെത്തുടർന്ന് മുൻകരുതല്‍ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സർവീസുകള്‍ നിർത്തിവച്ചു.