കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. പരിപാടി നടന്ന സ്ഥലത്തിന് സമീപത്തെ റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.പൊയിനാച്ചി സ്വദേശി ശിവാനന്ദയാണ് മരിച്ചത്. 19 വയസായിരുന്നു. ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം. 11 മണിയോടെ പരിപാടി അവസാനിച്ചു.എട്ട് മണിക്ക് ശേഷം പരിപാടിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് അപകടമുണ്ടാക്കിയത്. സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണ്. മരങ്ങള്‍ക്ക് മുകളില്‍ ഉള്‍പ്പെടെ കയറി നിന്ന് ആളുകള്‍ പരിപാടി കാണാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരുടേയും നില ആശങ്കപ്പെടുത്തുന്നതല്ലെന്നാണ് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.