ലിസ്ബണില്‍ ഹങ്കറിക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇരട്ട ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരം 2-2 എന്ന സമനിലയില്‍ അവസാനിച്ചെങ്കിലും 2026 ലോകകപ്പില്‍ ഇടം ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ക്രിസ്റ്റ്യാനോ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി.ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മുന്‍ ഗ്വാട്ടിമാല താരം കാര്‍ലോസ് റൂയിസുമായുള്ള (40) സമനിലയാണ് അദ്ദേഹം തകര്‍ത്തത്. 50 യോഗ്യതാ മത്സരങ്ങളില്‍ നിന്ന് 41 ഗോളുകള്‍ എന്ന നേട്ടം ക്രിസ്റ്റ്യാനോ കൈവരിച്ചു. ഇതോടെ 40-കാരൻ്റെ കരിയറില്‍ 948 ഗോളുകളായി.എട്ടാം മിനുട്ടില്‍ ആറ്റില സലായ് നേടിയ ഗോളിലൂടെ ഹങ്കറി അല്പനേരം മുന്നിലായിരുന്നു. എന്നാല്‍, ആദ്യ പകുതിയില്‍ തന്നെ റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടി പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. പോർച്ചുഗല്‍ വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് ലിസ്ബണില്‍ ആ ഇടിത്തീയുണ്ടായത്. രണ്ടാം പകുതിയിലെ അവസാന നിമിഷത്തില്‍ ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ ഡൊമിനിക് സോബോസ്ലായ് ഹങ്കറിക്ക് വേണ്ടി ഗോള്‍ നേടുകയും സമനില പിടിക്കുയും ചെയ്തു.ഈ വിജയത്തോടെ പോര്‍ച്ചുഗലിന് നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുകള്‍ ലഭിച്ചു, അഞ്ച് പോയിന്റുമായി ഹങ്കറി രണ്ടാം സ്ഥാനത്താണ്. നവംബറില്‍ അയര്‍ലന്‍ഡിനും അര്‍മേനിയയ്ക്കുമെതിരായ മത്സരങ്ങളാണ് റൊണാള്‍ഡോയുടെയും പിള്ളേരുടെയും ലോകകപ്പ് വിധി നിർണയിക്കുക.