വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി ഉടൻ പരിഹരിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.വിമാന സർവ്വീസുകള്‍ പൂർണ്ണമായും സാധാരണ നിലയിലാകാൻ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം. അതുവരെ വിമാന സർവ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത് തുടരും. നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ജീവനക്കാരെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് സമയം ആവശ്യമാണെന്നും ഇൻഡിഗോ വ്യക്തമാക്കി. അഞ്ഞൂറിലധികം സർവ്വീസുകള്‍ ഇതിനോടകം റദ്ദാക്കുകയും വെള്ളിയാഴ്ചയും റദ്ദാക്കലുകള്‍ തുടരേണ്ടിവരുമെന്നും കമ്ബനി വ്യക്തമാക്കി. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് പ്രതികരിച്ചു. അതേസമയം, ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധിയില്‍ താല്‍ക്കാലിക ഇളവ് അടക്കം ശുപാർശ നല്കാൻ കേന്ദ്ര സർക്കാർ ഇൻഡിഗോയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തുടർച്ചയായ മൂന്നാം ദിവസവും വിമാന സർവ്വീസുകള്‍ തടസ്സപ്പെട്ടതോടെ വ്യാഴാഴ്ച മാത്രം ഇൻഡിഗോ 550-ല്‍ അധികം സർവ്വീസുകളാണ് റദ്ദാക്കിയത്. കമ്ബനിയുടെ 20 വർഷത്തെ ചരിത്രത്തില്‍ ഇത്രയധികം വിമാനങ്ങള്‍ ഒറ്റയടിക്ക് റദ്ദാക്കുന്നത് ആദ്യമായിട്ടാണ്. പൈലറ്റുമാരുടെ കുറവും സാങ്കേതിക പ്രശ്നങ്ങളും ഉള്‍പ്പെടെ നിരവധി ഘടകങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. പ്രതിദിനം ഏകദേശം 2300 വിമാനങ്ങള്‍ സർവ്വീസ് നടത്തുന്ന ഇൻഡിഗോ, അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടിവരുമെന്നും അറിയിച്ചു. വ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെക്കുറിച്ച് ചർച്ച നടത്തി. പ്രവർത്തനങ്ങള്‍ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് സി.ഇ.ഒ. പീറ്റർ എല്‍ബേഴ്സ് ജീവനക്കാരെ അറിയിച്ചു.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇൻഡിഗോ സർവ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം പൈലറ്റുമാർക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കേണ്ടതുണ്ട്. എന്നാല്‍, ഈ പുതിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായ ആസൂത്രണം നടത്തുന്നതിലും തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി ഇൻഡിഗോ സമ്മതിച്ചു.