ചെന്നൈ: ഐടി നഗരമായ ചെന്നൈയുടെ ഗതാഗത സംവിധാനം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആറുവരി പാതയായ ചെന്നൈ പെരിഫറൽ റിങ് റോഡ് ( സിപിആർആർ ) പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. 132.87 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി എന്നൂർ തുറമുഖത്തെ മാമല്ലപുരവുമായി ബന്ധിപ്പിക്കുന്ന ആക്സസ് നിയന്ത്രിത എക്സ്പ്രസ് വേയാണ്. 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.ചെന്നൈ നഗരത്തിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ് സിപിആർആർ. പദ്ധതിയുടെ നിർമാണ നടപടികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്.
സിങ്കപ്പെരുമാൾ കോയിലിനും മാമല്ലപുരത്തിനും ഇടയിലുള്ള 30 കിലോമീറ്റർ അവസാന ഭാഗത്തിനായുള്ള ടെൻഡറുകൾ തമിഴ്നാട് റോഡ് ഡെവലപ്മെന്റ് കോർപറേഷൻ (ടിഎൻആർഡിസി) ക്ഷണിച്ചു.2019ൽ പ്രഖ്യാപിച്ച പദ്ധതി മാമല്ലപുരത്തെ എന്നൂർ തുറമുഖവുമായി സിങ്കപ്പെരുമാൾ കോയിൽ, ശ്രീപെരുമ്പത്തൂർ, തിരുവള്ളൂർ വഴിയായി ബന്ധിപ്പിക്കും. പദ്ധതിയുടെ അവസാന ഭാഗത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. ആറുവരി പാതയായ ചെന്നൈ പെരിഫറൽ റിങ് റോഡ് ഭാവിയിൽ പത്തുവരിയായി വികസിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. എന്നൂർ – തച്ചൂർ, തച്ചൂർ – താമരൈപ്പാക്കം, തിരുവല്ലൂർ – ശ്രീപെരുമ്പത്തൂർ, ശ്രീപെരുമ്പത്തൂർ – സിങ്കപ്പെരുമാൾ കോയിൽ എന്നിങ്ങനെ നാല് ഭാഗങ്ങളിലെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. ഇവയിൽ ചില ഭാഗങ്ങളിൽ 70 ശതമാനം നിർമാണം പൂർത്തിയായി.