ബെംഗളൂരു : കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാംഘട്ടം സംസ്ഥാനത്ത് ഫെബ്രുവരി 15 ഓടെ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്. ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും വാക്സിൻ നൽകുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 37 ശതമാനത്തോളം പേർക്ക് ഇതിനകം വാക്സിൻ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
അമ്പത് വയസ് കഴിഞ്ഞവർക്കും ഏതെങ്കിലും ഗുരുതര രോഗമുള്ളവർക്കുമാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇത്തരത്തിലുള്ള ആളുകളുടെ വിവരങ്ങൾ വീടുകളിൽ കയറി. ശേഖരിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ആരോഗ്യ പ്രവർത്തകർ ശ്രമിക്കുന്നത്. രണ്ടാംഘട്ടത്തിൽ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തും
ഒന്നാംഘട്ട വാക്സിൻ കുത്തിവെപ്പ് പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറുന്നുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തെ ഒന്നാം ഘട്ട വാക്സിൻ വിതരണ പ്രവർത്തനത്തിൽ പൂർണ സംത്യപ്തി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.