ന്യൂഡൽഹി: വീട്ടിൽ ഇരുന്നുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്താവുന്ന കോവിഡ് ടെസ്റ്റ് കിറ്റിന് അംഗീകാരം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് (ഐസിഎംആർ) കിറ്റിന് പച്ചക്കൊടി കാണിച്ചത്. കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച മാർഗരേഖ പുറത്തുവന്നു.
രോഗലക്ഷണം ഉള്ളവരോ ലബോറട്ടറിയിലെ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരോ മാത്രം കിറ്റ് ഉപയോഗിക്കണമെന്ന് ഐസിഎംആർ വ്യക്തമാക്കി. ഗൂഗിൾ പ്ലേസ്റ്റോറിലോ ആപ്പിൾ സ്റ്റോറിലോ ഡൗൺലോഡ് ചെയ്യാവുന്ന മൊബൈൽ ആപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം ടെസ്റ്റ് നടത്താനാണ് അനുമതി. ടെസ്റ്റ് നടത്തിയശേഷം ടെസ്റ്റ് സ്ട്രിപ്പിന്റെ പടമെടുത്ത് ഫോണിൽ സൂക്ഷിക്കണമെന്ന് നിർദേശിക്കുന്നു.
ടെസ്റ്റ് വിവരങ്ങൾ ഐസിഎം ആർ സെർവറിൽ സൂക്ഷിക്കുമെന്നും വ്യക്തിഗത വിവരങ്ങൾ ചോർന്നുപോവില്ലെന്നും അവർ വ്യക്തമാക്കി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടൻ വിപണിയിലെത്തും. പോസിറ്റീവായാൽ കൂടുതൽ പരിശോധന ആവശ്യമില്ല, ക്വാറന്റീനിലേക്ക് മാറണമെന്നുമാണ് നിർദേശം. എന്നാൽ ഗുരുതര രോഗലക്ഷണങ്ങളുള്ളവർ ഹോം ടെസ്റ്റ് നെഗറ്റീവ് ആയാൽ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണമെന്നും ഐസിഎംആർ പറയുന്നു.
പുണെ ആസ്ഥാനമായ മൈ ലാബ് ഡിസ്കവറി സൊല്യൂഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് കോവിസെൽഫ്ടിഎം എന്ന കിറ്റ് തയാറാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20 ലക്ഷം സാംപിളുകളാണ് ലാബുകളിൽ പരിശോധിച്ചത്. വീട്ടിൽ ഇരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാമെന്ന തീരുമാനം നടപ്പാവുന്നതോടെ ലാബുകളിലെ തിരക്ക് കുറയുമെന്നാണ് കണക്കുകൂട്ടൽ.