രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളും മഹാരാഷ്ട്രയില്‍ 26,000ത്തോളം കേസുകളും സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു. ഇതുവരെ 8000ത്തോളം പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26,133 പുതിയ കേസുകളും,682 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 35,873 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 448 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കര്‍ണാടകയില്‍ പുതുതായി 31,183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 451 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബംഗാളില്‍ 18,863 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രപ്രദേശില്‍ 19,982 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ദില്ലിയില്‍ 2260 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 31 ശേഷം ഏറ്റവും കുറവ് കേസുകളാണ് ദില്ലിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 7 സംസ്ഥാനങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകള്‍ 10000 മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും 6 സംസ്ഥാനങ്ങളില്‍ 5000ത്തിനും 10000ത്തിനും ഇടയിലാണ് കേസുകള്‍ എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കര്‍ണാടക,മഹാരാഷ്ട്രാ, തമിഴ്‌നാട്,പഞ്ചാബ്,ഉത്തര്‍പ്രദേശ്,ദില്ലി എന്നിങ്ങനെ 6 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറയുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. കുട്ടികള്‍ക്ക് കൊവിഡ് രോഗം ബാധിക്കുന്നുണ്ടെങ്കിലും ഗുരുതരമകാനുള്ള സാധ്യത കുറുവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതെ സമയം രാജ്യത്ത് കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്നു. ഇതുവരെ 8848 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഗുജറാത്തില്‍ 2281 പേര്‍ക്കും മഹര്‍ഷ്ട്രയില്‍ 2000 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 910 പേര്‍ക്കും രാജസ്ഥാനില്‍ 700 പേര്‍ക്കും കേരളത്തില്‍ 36 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ മാത്രം 300 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ അംഫോടെറിസിന്‍-ബിയുടെ 23,680 വയല്‍ലുകള്‍ സംസ്ഥാനങ്ങളില്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കി.