ബെംഗളൂരു: കേരളത്തില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക. രോഗനിയന്ത്രണത്തിന് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ജാഗ്രത പാലിച്ചാല്‍ മതിയെന്നും കേരള അതിര്‍ത്തിയില്‍ കര്‍ണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പേടിക്കേണ്ട കാര്യം ഇപ്പോഴില്ല. പക്ഷേ, കൂടുതല്‍ ജാഗ്രത വേണം. അതിര്‍ത്തിയില്‍ പരിശോധന ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ചവര്‍ 58 പേരാണ്. ഇതില്‍ 11 പേര്‍ ആശുപത്രിയിലാണ്. മൂന്നുമാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത് ഒരാളാണ്- ആരോഗ്യമന്ത്രി പറഞ്ഞു.
കേരളവുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളില്‍ പരിശോധനയ്‌ക്കുവേണ്ട ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വരുന്ന മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു. കോവിഡ് രോഗബാധ വര്‍ധിച്ചാല്‍ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും നിര്‍ദേശിച്ചു.