തമിഴിൽ തരംഗമായ ചിത്രമാണ് പൊന്നിയിൻ സെൽവൻ. മണിരത്നം ചിത്രം എന്ന പ്രത്യേകത കൊണ്ട് മാത്രമല്ല, തമിഴിലെ പ്രമുഖ താരനിരക്കൊപ്പം എ ആർ റഹ്മാനടക്കമുള്ള ആർട്ടിസ്റ്റുകൾ തങ്ങളുടെ സംഭാവനകൾ നൽകിയ സിനിമ എന്ന രീതിയിലും പൊന്നിയിൻ സെൽവൻ ബോക്സ്ഓഫീസിൽ തരംഗമുണ്ടാക്കിയിരുന്നു. എന്നാൽ, പലരുടെയും പ്ലേ ലിസ്റ്റിലുള്ള സിനിമയിലെ ‘വീര രാജ വീര’ എന്ന ഗാനത്തിനെ ചുറ്റിപ്പറ്റി ഇപ്പോൾ കോപ്പിയടി വിവാദം ഉയർന്നിരിക്കുകയാണ്.ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ പണം കെട്ടിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.
കേസില്‍ സംഗീത സംവിധായകന്‍ എ ആർ റഹ്മാനും സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവെക്കണമെന്നാണ് നിര്‍ദേശം.റഹ്മാനും സിനിമയുടെ നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ ക്ലാസിക്കൽ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നല്‍കിയത്. അന്തരിച്ച ഉസ്താദ് എൻ ഫയാസുദ്ദീൻ ഡാഗറും, ഉസ്താദ് സാഹിറുദ്ദീൻ ഡാഗറും ചേർന്ന് രചിച്ച ശിവ സ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് പരാതിയിലുണ്ടായിരുന്നത്.
ജൂനിയർ ഡാഗർ ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന തന്‍റെ അച്ഛനും അമ്മാവനും ചേർന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നായിരുന്നു ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറിന്‍റെ വാദം. ഇത് തന്‍റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ചിത്രത്തില്‍ ഉപയോഗിച്ചു എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗര്‍ പറയുന്നത്.
സംഗീതപരമായ മാറ്റങ്ങൾ ഉണ്ടെങ്കിലും യഥാര്‍ഥ സംഗീത സൃഷ്ടിക്ക് സമാനമാണ് ‘വീര രാജ വീര’ എന്ന ഗാനം എന്ന് വിധിന്യായത്തിൽ പറയുന്നുണ്ട്. എല്ലാ ഒടിടി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി നാല് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി വിധിച്ചു.ദിവസങ്ങൾക്ക് മുമ്പ് ഗുഡ് ബാഡ് അഗ്ലിയിൽ അനുവാദമില്ലാതെ തന്‍റെ ഗാനങ്ങൾ ഉപയോഗിച്ചു എന്ന് ആരോപിച്ച് ഇളയരാജ നിർമാതാക്കൾക്ക് എതിരെ പരാതി നൽകിയിരുന്നു.